alen-1

കോഴിക്കോട്: മാവോയിസ്റ്ര് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവർക്കു മേൽ യു.എ.പി.എ ചുമത്തിയത് വർഷങ്ങൾ നീണ്ട നിരീക്ഷണത്തിൽ കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനത്തിലെന്ന് പൊലീസ്. അതിനിടെ, വിദ്യാർത്ഥികളുടെ മാവോയിസ്റ്റ് ബന്ധം സ്ഥാപിക്കാൻ പൊലീസ് വീണ്ടും രേഖകളും ഫോട്ടോകളും പുറത്തു വിട്ടത് വിവാദങ്ങൾക്ക് കൂടുതൽ വീര്യം പകരുന്നതായി.

അലൻ ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ചുവരിൽ 'മാവോയിസം സിന്ദാബാദ്, മാവോയിസം ജയിക്കട്ടെ' എന്ന മുദ്രാവാക്യം എഴുതിയിരുന്നുവെന്നാണ് പൊലീസ് പറയുന്ന തെളിവുകളിൽ ഒന്ന്. അന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ താക്കീത് നൽകി. പൊലീസ് ഇന്റലിജൻസ് വിഭാഗം അലന്റെ ഫോട്ടോ എടുത്ത് സൂക്ഷിക്കുകയും ചെയ്‌തിരുന്നു. ഈ ഫോട്ടോയാണ് പുറത്തുവിട്ട മറ്റൊരു തെളിവ്.

എസ്.എഫ്.ഐ അംഗമായിരിക്കെ അലൻ മാവോയിസ്റ്റ് വിദ്യാർത്ഥി സംഘടനയായ 'പാഠാന്തര'ത്തിലും പ്രവർത്തിച്ചെന്ന് പൊലീസ് വാദിക്കുന്നു. അലൻ മാവോയിസ്റ്റുകളുടെ പഠനക്ളാസ്സുകളിൽ പങ്കെടുക്കാറുണ്ടെന്ന് സ്ഥാപിക്കുന്ന രേഖകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കണ്ണൂർ യൂണിവേഴ്‌സിറ്റി ലീഗൽ സ്റ്റഡീസിൽ നിയമ വിദ്യാർത്ഥിയായ അലൻ കുറച്ചുനാൾ ക്ളാസിൽ പോകാതിരുന്നത് അവിടെ മാവോയിസ്റ്റ് ഗ്രൂപ്പുണ്ടാക്കാൻ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതു കാരണമാണെന്നും പൊലീസ് പറയുന്നു.

താഹ ഫസൽ മാവോയിസ്റ്റ് പ്രവർത്തകനാണെന്ന് സ്ഥാപിക്കാൻ മുദ്യാവാക്യം വിളിയുടെ ഓഡിയോയും, മുറിയിൽ നിന്ന് ലഘുലേഖകൾ കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങളും കഴി‌ഞ്ഞ ദിവസം തന്നെ പൊലീസ് പുറത്തുവിട്ടിരുന്നു. താഹയും രഹസ്യയോഗങ്ങളിൽ പങ്കെടുത്തിരുന്നതായി പൊലീസ് പറയുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുള്ള റിപ്പോർട്ടാണ് ഉത്തരമേഖലാ ഐ.ജി പൊലീസ് മേധാവിക്ക് സമർപ്പിച്ചിട്ടുള്ളത്. അലന്റെയും താഹയുടെയും ജാമ്യഹർജിയിൽ സെഷൻസ് കോടതിയുടെ തീർപ്പിനു ശേഷം തുടർനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. അതിനിടെ, പ്രതികളെ ജില്ലാ ജയിലിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജയിൽ സൂപ്രണ്ട് ജയിൽ ഡി.ജി.പി ക്ക് കത്തയച്ചു. യു.എ.പി.എ വകുപ്പുകൾ ചുമത്തപ്പെട്ട പ്രതികളെ പാർപ്പിക്കാൻ പ്രത്യേക സുരക്ഷാസംവിധാനം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്.