accident
ദാധേഷ്

ഫറോക്ക്: വീടിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ നിന്നു അബദ്ധത്തിൽ ഷോക്കേറ്റ് ഡി.വൈ.എഫ്.ഐ ഫറോക്ക് - കരുവൻതിരുത്തി മേഖലാ പ്രസിഡന്റും സി.പി.എം കരുവൻതിരുത്തി ലോക്കൽ കമ്മിറ്റി അംഗവുമായ കുഴിപ്പള്ളി ദാധേഷ് (​മണികണ്ഠൻ, ​35​)​​ മരിച്ചു. ഇന്നലെ രാവിലെ ആറര കഴിഞ്ഞതോടെയാണ് അപകടം.

ഫറോക്ക് സർവിസ് സഹകരണ ബാങ്ക് ചെറുവണ്ണൂർ ഹെഡ് ഓഫീസ് ബ്രാഞ്ച് ജീവനക്കാരനാണ്. കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സജീവ പ്രവർത്തകനായിരുന്നു.

മുക്കോണത്തെ വീടിനടുത്തുള്ള പോസ്റ്റിൽ പച്ചില വള്ളികൾ പടർന്നുകയറിയത് നീക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. തറവാട്ടു വളപ്പിൽ നിന്ന് തേങ്ങയെടുക്കാൻ വല്യമ്മ കാർത്ത്യായനി എത്തിയപ്പോഴാണ് ദാധേഷ് വീണുകിടക്കുന്ന നിലയിൽ കണ്ടത്. അടുത്തുള്ളവരെ അവർ വിളിച്ചുകൂട്ടിയതോടെ ഉടൻ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഴിപ്പള്ളി ദാസൻ - ദേവകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ശർമ്മിള (കടലുണ്ടി ), സഫിയ (പട്ടാമ്പി), ഷൈനി (ഫാറൂഖ് കോളേജ്), ഡെയ്സി (മണ്ണൂർ പ്രബോധിനി ).
സഞ്ചയനം വ്യാഴാഴ്ച.

യുവാവിന്റെ കണ്ണുകൾ മെഡിക്കൽ കോളേജ് നേത്ര ബാങ്കിന് ദാനം ചെയ്തു. പോസ്റ്റുമോർട്ടത്തിന് ശേഷം പാണ്ടിപ്പാടം കയർ സൊസൈറ്റിയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, ഏരിയാ സെക്രട്ടറി എം.ഗിരീഷ്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.പി.എ.മുഹമ്മദ് റിയാസ്, സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ്, ജില്ലാ സെക്രട്ടറി പി. നിഖിൽ, പ്രസിഡന്റ് വി.വസീഫ് ​തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.