santhosh-trophy

കോഴിക്കോട്: ഗോളടിച്ചില്ലെന്ന കുത്തുവാക്കുകൾ ഇനി വേണ്ട, ഇതാ ആരാധകർ ആഗ്രഹിച്ച കേരളാ ടീം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ആന്ധ്രാപ്രദേശിനെ തകർത്ത് സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിൽ കേരളത്തിന് മിന്നുന്ന തുടക്കം.

കേരളത്തിനായി എമിൽ ബെന്നി ഇരട്ടഗോൾ നേടി. വിബിൻ തോമസ്, ലിയോൺ അഗസ്റ്റിൻ, എൻ. ഷിഹാദ് എന്നിവർ ഓരോ തവണ വല കുലുക്കി. കോഴിക്കോട് കോർപ്പറേഷൻ മൈതാനത്തെ കേരളാ താരങ്ങൾ അടക്കിവാണപ്പോൾ ആന്ധ്രാ ഗോളി കോപ്പിസെറ്റി അജയ്കുമാറിന്റെ ഒറ്റയാൾ പോരാട്ടമാണ് സ്കോർ 5-0ൽ ഒതുക്കിയത്.

തുടരെയുള്ള ആക്രമണങ്ങൾക്കിടെ 45ാം മിനിട്ടിലാണ് കേരളം ആദ്യ ഗോൾ നേടിയത്. ലിയോൺ അഗസ്റ്റ്യന്റെ കൃത്യതയാർന്ന കോർണർ കിക്ക് വിബിൻ തോമസ് ആന്ധ്രാ വലിയിലേക്ക് തിരിച്ചുവിട്ടു. ആദ്യ ഗോൾ നേടിയതോടെ ആത്മവിശ്വാസം തിരിച്ചു പിടിച്ച കേരളം ഇഞ്ചുറി ടൈമിൽ ലിയോൺ അഗസ്റ്റ്യനിലൂടെ രണ്ടാം ഗോൾ നേടി. ആന്ധ്ര പ്രതിരോധ നിരയെ പിളർത്തി പെനാൾട്ടി ബോക്സിലേക്ക് കുതിച്ച ലിയോണിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി കിക്ക് ലിയോൺ തന്നെ ഗോളാക്കി.

രണ്ടാം പകുതിയിലും കേരളം ആക്രമണ ഫുട്ബാളാണ് കളിച്ചത്. പകരക്കാരനായി ഇറങ്ങിയ എമിൽ ബെന്നി 53ാം മിനിട്ടിലും 63ാം മിനിട്ടിലും ലക്ഷ്യം കണ്ടു. ജിതിന്റെ അസിസ്റ്റിൽ നിന്നായിരുന്നു എമിലിന്റെ ആദ്യ ഗോൾ. ബോക്സിനുള്ലിൽ ഒറ്റയ്ക്ക് മുന്നേറിയാണ് എമിൽ രണ്ടാം ഗോൾ നേടിയത്. അന്ധ്രാ താരങ്ങളെ സുന്ദരമായി ഡ്രിബിൾ ചെയത എമിൽ മികച്ച ഫിനിഷിംഗിലൂടെ ഗോളിയെയും കീഴടക്കി. പകരക്കാരനായി വന്ന ഷിഹാദ് 92ാം മിനിട്ടിൽ മികച്ച ഹെഡ്ഡറിലൂടെ പട്ടിക തികച്ചു.

അഖിലിന്റെ നേതൃത്വത്തിലുള്ള മിഡ‌് ഫീൽഡ് കളി നിയന്ത്രിച്ചപ്പോൾ ഇരു വിങ്ങുകളിലൂടെയും വലതു വിംഗിൽ അജിൻ ടോമും ഇടതുവിങ്ങിൽ ശ്രീരാഗും കുതിച്ചു. മുന്നേറ്റ നിരക്കാൻ ജിതിന്റെ വേഗതയും ആന്ധ്രയെ തളർത്തി. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായി വന്ന് ഒരു ഗോൾ പോലും നേടാനാകാതെയാണ് കേരളം പുറത്തായത്.

ആദ്യ പത്ത് മിനിട്ടിൽ തന്നെ നാല് കോർണറുകളാണ് കേരളം നേടിയത്. തുടക്കം മുതൽ ആന്ധ്ര ഗോൾപോസ്റ്റ് ലക്ഷ്യമാക്കി മുന്നേറിയ കേരളത്തെ ആന്ധ്രാ ഗോളിയുടെ മിന്നുന്ന സേവുകളാണ് ലീഡെടുക്കുന്നതിൽ നിന്ന് തടഞ്ഞത്. 37ാം മിനിട്ടിൽ പകരക്കാരനായി എമിൽ ബെന്നി എത്തിയതോടെയാണ് ആക്രമണങ്ങൾ ലക്ഷ്യം കണ്ടു തുടങ്ങിയത്. ഒരു തവണപേലും കേരളത്തിന് വെല്ലിവിളി ഉയർത്തുന്ന നീക്കങ്ങൾ ആന്ധ്രയ്ക്ക് നടത്താനായില്ല.

ഇന്ന് നടക്കുന്ന മത്സരത്തിൽ പോണ്ടിച്ചേരി കർണാടകയെ നേരിടും. ഒമ്പതിന് തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത കളി.