കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസറ്റിലായ അലൻ ഷുഹൈബും താഹ ഫസലും, തങ്ങൾ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പൊലീസ്. പന്തീരാങ്കാവ് എസ്.ഐ വി.എം.ജയൻ സെഷൻസ് കോടതിയിൽ എഫ്.ഐ.ആറിലാണ് അവകാശവാദം.
പ്രതികളെ പിടികൂടിയ സാഹചര്യവും എഫ്.ഐ.ആറിൽ വിശദീകരിക്കുന്നത് ഇങ്ങനെ: നവംബർ ഒന്നിനു വൈകിട്ട് 6.45-ന് പട്രോളിംഗ് ഡ്യൂട്ടിയ്ക്കിടെ പെരുമണ്ണ പാറമ്മൽ ഫുട്ബാൾ ടർഫിനടുത്ത്, മെഡി കെയർ ലാബോറട്ടറിക്കു മുൻവശത്ത് എത്തിയപ്പോൾ മൂന്നു പേർ കടത്തിണ്ണയിൽ ഇരുട്ടിൽ നിൽക്കുന്നതു കണ്ടു. ടോർച്ച് തെളിച്ച് നോക്കിയ താനും പാർട്ടിയും വാഹനം നിറുത്തി ഇറങ്ങി. ഇതിനിടയിൽ ഒരാൾ കടത്തിണ്ണയിൽ നിന്ന് ഇറങ്ങിയോടി. മറ്റു രണ്ടുപേരെ തടഞ്ഞുനിറുത്തി പേരും വിലാസവും ചോദിച്ചു. എന്തിന് അവിടെ വന്നുവെന്ന ചോദ്യത്തിന് വ്യക്തമായ മറപുടി നൽകിയില്ല. അലന്റെ ബാഗ് പരിശോധിച്ചപ്പോൾ നിരോധിത മാവോയിസ്റ്റ് സംഘടനയെ അനുകൂലിക്കുന്ന നോട്ടീസുകൾ കണ്ടെത്തി. ഏഴു മണിയോടെ ഇവരെ അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തതായും എഫ്.ഐ.ആറിൽ പറയുന്നു.