chom-pala
ചോമ്പാല ഉപജില്ല കലോത്സവത്തിലെ ലിറ്റില്‍ കൈറ്റസ് അംഗങ്ങളും പരിശീലകരും

വടകര: ചോറോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചോമ്പാല ഉപജില്ലാ കലോത്സവത്തില്‍ ലിറ്റില്‍കൈറ്റ്‌സ് അംഗങ്ങളുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു. എല്ലാ വേദികളിലെയും മത്സരങ്ങള്‍ കാമറകളില്‍ ഒപ്പിയെടുക്കുന്നത് ക്ലബ്ബ് അംഗങ്ങളാണ്.

മുഴുവന്‍ മത്സരങ്ങളും ഡോക്യുമെന്റ് ചെയ്യുകയാണിവര്‍. ജി.വി.എച്ച്.എസ്.എസ്-മടപ്പള്ളി, ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി, ഓര്‍ക്കാട്ടേരി കെ. കെ .എം. ജി. വി. എച്ച്. എസ്. എസ് , കടത്തനാട് രാജാസ് എച്ച്. എസ്. എസ് .പുറമേരി, ജി.എച്ച് .എസ് .എസ് ചോറോട് എന്നീ വിദ്യാലയങ്ങളിലെ ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബിലെ കാമറ പരിശീലനം ലഭിച്ച സംഘമാണ് ഏഴ് കാമറകളുമായി വേദികളിലുള്ളത്. ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളിലും നേരത്തെ കൈറ്റിന്റെ നേതൃത്വത്തില്‍ കാമറകള്‍ വിതരണം ചെയ്യുകയും ക്ലബ്ബംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിരുന്നു.

കോഴിക്കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ പരിപാടികളും ഡോക്യുമെന്റ് ചെയ്യുന്നതിന്റെ ഭാഗമായി ഡി. ഡി .ഇയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വിദ്യാര്‍ഥികള്‍ക്കുതന്നെ ഈ ചുമതല നല്‍കിയത്. ചോമ്പാല ഉപജില്ലാ ഓഫീസര്‍ രാജന്‍ .ടി , കൈറ്റ്സ് കോര്‍ഡിനേറ്റര്‍ കെ. ജയ്ദീപ്, ലിറ്റില്‍ കൈറ്റ്സ് മാസ്റ്റേഴ്സായ പത്മനാഭന്‍, സുമേഷ്, രഞ്ജിത്ത് ലാല്‍, ആഘോഷ്, കൈറ്റ്സ് മിസ്ട്രസുമാരായ രാഗിണി, ഷൈനി, തുടങ്ങിയവര്‍ ചിത്രീകരണത്തിന് നേതൃത്വം നല്‍കുന്നു.