# 75% പണി പൂർത്തിയായി

# 20.1 കോടി രൂപ ചെലവ്

# 3 മണ്ഡലങ്ങളിൽ കൃഷി ശക്തിപ്പെടും

കൊയിലാണ്ടി: ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. അതോടെ കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ തരിശായി കിടക്കുന്ന വൻ പാടശേഖരം കൃഷിയോഗ്യമായി മാറും. ഉപ്പ് വെളളം കയറുന്ന അവസ്ഥയാണ് കൃഷിയെ പ്രതികൂലമായി ബാധിച്ചത്. ബ്രിഡ്ജജ് ഉദ്ഘാടനം ചെയ്യുന്നതോടെ കൃഷിക്കളത്തിൽ ഉപ്പ് വെള്ളം കയറുന്നത് തടയാൻ കഴിയും. 20.1 കോടി ചെലവിൽ നബാർഡിന്റെ പദ്ധതിയാണിത്.
75% പണി പൂർത്തിയായി. അവേശേഷിക്കുന്നത് ഇരു ഭാഗത്തേയും അപ്രോച്ച് റോഡും വൈദ്യുതി കണക്ഷനുമാണ്. കൃഷി ശക്തിപ്പെടുന്നതോടൊപ്പം നാട്ടുകാരുടെ കുടി വെള്ള പ്രശ്‌നത്തിനും പരിഹാരമാകും. രണ്ട് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം യാത്രാ പ്രശ്‌നത്തിനും പരിഹാരമാകും.

ഒരു കാലത്ത് ജില്ലയിലെ പ്രധാന നെല്ലുല്പാദന കേന്ദ്രമായിരുന്നെ വെളിയണ്ണൂർ ചല്ലി ഉപ്പ് വെള്ളം കയറിയതിനെ തുടർന്ന് തരിശായി കിടക്കുകയായിരുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പുതിയ തൊഴിൽ സാദ്ധ്യതകളും ഉയർന്നു വരുമെന്ന് പ്രതീക്ഷിക്കുന്നതായി കെ.ദാസൻ എം.എൽ.എ പറഞ്ഞു. അദ്ദേഹത്തിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടാണ് പദ്ധതി വളരെ വേഗത്തിൽ നടപ്പാക്കാൻ കഴിഞ്ഞതെന്ന് നഗരസഭാ ചെയർമാൻ അഡ്വ.കെ സത്യൻ പറഞ്ഞു.


# മൂന്ന് കാര്യങ്ങൾ

1 തരിശ് നിലങ്ങളിൽ കൃഷി ചെയ്യാനാവും

2 കുടിവെള്ളപ്രശ്‌നത്തിനു പരിഹാരമാകും

3 രണ്ട് മണ്ഡലങ്ങൾക്കിടയിൽ പാലവുമായി