കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം അംഗങ്ങളായ അലൻ ഷുഹൈബ് (20), താഹ ഫസൽ (24) എന്നീ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ സെഷൻസ് ജഡ്ജി എം.ആർ. അനിത തള്ളി. ജാമ്യം നൽകുന്നതിനെ പബ്ളിക് പ്രോസിക്യൂട്ടർ എതിർത്തില്ലെങ്കിലും അഞ്ചു കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹർജി നിരാകരിക്കുകയായിരുന്നു.
പ്രതികളോട് സംസാരിക്കാൻ അനുമതിക്കായി അഭിഭാഷകൻ എം.കെ. ദിനേശ് സമർപ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചു. ഒരു മണിക്കൂറാണ് കോടതി അനുവദിച്ചത്. സെഷൻസ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അഡ്വ. ദിനേശ് പറഞ്ഞു. ഇന്നലെ കേസ് പരിഗണിക്കവെ വിശ്വഹിന്ദു പരിഷത്തിന്റെ അഭിഭാഷകൻ ശ്രീജിത്ത് ഷറോട്ട അനുബന്ധ ഹർജി നൽകിയെങ്കിലും കോടതി അനുവദിച്ചില്ല.
ജാമ്യം നിഷേധിക്കാൻ ഈ കാരണങ്ങൾ
പൊലീസ് സമർപ്പിച്ച രേഖകളനുസരിച്ച് പ്രതികൾ മാവോയിസ്റ്റുകളാണ് എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഇവരിൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും ബാനറുകളും കേന്ദ്ര സർക്കാർ നിരോധിച്ച സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയുടേതാണ്.
പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.
ഇരുവർക്കുമൊപ്പം ഉണ്ടായിരുന്ന മൂന്നാമൻ സംഭവസ്ഥലത്തു നിന്ന് ഓടിപ്പോയതാണ്. ഇയാളെ പിടികൂടും മുമ്പ് ജാമ്യം അനുവദിച്ചാൽ അറസ്റ്റിന് കഴിയാതെ വരും.
കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് കോഴിക്കോട് സൗത്ത് അസി. പൊലീസ് കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം പൂർത്തിയാകും മുമ്പ് പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ട്.