തിരക്കൊഴിയാതെ വാർഡുകൾ
‘കോമൺപൂൾ" ഇനിയുമായില്ല
മെഡിക്കൽകോളേജ്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ തിരക്ക് കൂടിയതോടെ മിക്ക വാർഡുകളിലും കിടക്കാനിടമില്ലെന്നായി. വാർഡിനു പുറത്ത് വരാന്തയിൽ നിലത്ത് വിരിച്ചു കിടക്കേണ്ടി വരികയാണ് പലർക്കും.
എല്ലു പൊട്ടിയവരെയും മറ്റും നിലത്ത് കിടത്താന്‍ പാടില്ലെന്നാണ്. എന്നാൽ, രോഗികളുടെ ബാഹുല്യത്താൽ സ്ഥലക്കുറവ് കാരണം കട്ടിൽ കിട്ടാത്തവർക്ക് പിന്നെ വരാന്തയിലെ നിലം തന്നെ ശരണം. മെഡിസിൻ വാർഡിലേക്കും മറ്റും നീളുന്ന വരാന്തയിലെ ഇരുവശങ്ങളിലുമായി രോഗികൾ പായ വിരിച്ചു കിടക്കുകയാണിപ്പോൾ. ഓപ്പറേഷൻ കഴിഞ്ഞ രോഗികൾ പോലുമുണ്ട് ഇക്കൂട്ടത്തിൽ. രോഗികളുടെ കൂട്ടിരിപ്പുകാരും സന്ദർശകരും ഇതിലൂടെ നടക്കുമ്പോൾ പൊടിയടിച്ച് അണുബാധയേൽക്കാനുള്ള സാദ്ധ്യത കുറച്ചൊന്നുമല്ല.
സ്വകാര്യ ആശുപത്രികളിൽ നിന്നുൾപ്പെടെ മറ്റിടങ്ങളിൽ നിന്ന് റഫർ ചെയ്യുന്ന കേസുകളാണ് കൂടുതലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്. ആർക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നിരിക്കെ, അഡ്മിഷൻ നിയന്ത്രിക്കാനാവാതെ വരുമ്പോൾ സ്വാഭാവികമായും രോഗികളുടെ ബാഹുല്യമേറും. പലർക്കും അതോടെ കിടക്ക കിട്ടാതാവും.
രോഗികളുടെ തിരക്ക് നാൾക്കു നാൾ കൂടുന്ന സാഹചര്യത്തിലാണ് പരിഹാരമായി മെഡിസിൻ വിഭാഗത്തിന് പുറത്ത് മറ്റു വാർഡുകളിലെ ഉപയോഗപ്പെടുത്തുന്ന തരത്തിൽ ‘കോമൺപൂൾ സിസ്റ്റം’ ആവിഷ്കരിച്ചത്. എന്നാൽ ഇതുവരെ ഈ ബദൽ സംവിധാനം തുടങ്ങാനായിട്ടില്ല.
പനി ബാധിച്ചവരടക്കം നിലത്തുകിടക്കുന്ന സാഹചര്യത്തിലാണ് മെഡിസിൻ വാർഡുകളിൽ പ്രശ്നം പരിഹരിക്കാൻ കോമൺപൂൾ സിസ്റ്റം ഒരുക്കാൻ തീരുമാനമായത്. തിരക്കു പൊതുവെ കുറഞ്ഞ നേത്രരോഗ വിഭാഗം, മനോരോഗ വിഭാഗം വാർഡുകളാണ് കോമൺപൂളുകളാക്കി മാറ്റുന്നത്. പനിയും മറ്റു അസുഖങ്ങളും ബാധിച്ചവരെ ഇവിടങ്ങളിലേക്ക് മാറ്റിക്കിടത്തുകയാണ് ചെയ്യുക. നേത്രരോഗ വാർഡിൽ 72 കട്ടിലും മനോരോഗ വാർഡിൽ 60 കട്ടിലുമാണുള്ളത്. ഇതിൽ നേത്രരോഗ വാർഡിൽ ഒഴിവുള്ള കട്ടിലുകളിലും മനോരോഗ വിഭാഗത്തിലെ രണ്ടു വാർഡ് പൂർണമായും മെഡിസിൻ വിഭാഗത്തിൽ നിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാം.
''ഒരേ സമയത്ത് പനി ബാധിച്ചും മറ്റും കുറേയേറെ രോഗികൾ എത്തുമ്പോൾ സ്ഥലക്കുറവ് വലിയ പ്രശ്നമായി മാറുകയാണ്. അടിയന്തര
പരിഗണന കിട്ടേണ്ട രോഗികൾക്ക് കിടക്ക ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
ആശുപത്രി അധികൃതർ