മാനന്തവാടി: 2019 ലെ പ്രളയം വയനാട് ജില്ലയിൽ കവർന്നെടുത്തത് ജില്ലയിലെ 4195.26 ഹെക്ടറിലെ 237.62 കോടിരൂപയുടെ കൃഷിയാണെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ നിയമസഭയിൽ പറഞ്ഞു. മാനന്തവാടി എംഎൽഎ ഒ.ആർ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി.

21201 കർഷകരുടെ കൃഷിയാണ് നശിച്ചത്. പ്രളയത്തിൽ വയനാട് ജില്ലയിൽ ഉണ്ടായ കൃഷിനാശം സംസ്ഥാന സർക്കാർ കണക്കാക്കിയിട്ടുണ്ട്. 8727 വാഴകർഷരുടെ 25 ലക്ഷം കുലച്ച വാഴകളും, 9.54 ലക്ഷം കുലയ്ക്കാത്ത വാഴകളും പ്രളയത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. 939 കർഷകരുടെ കമുകും പ്രളയം കവർന്നെടുത്തു. 2064 കുരുമുളക് കർഷകരുടെ ഒരു ലക്ഷത്തിലധികം കുരുമുളകും നഷ്ടപ്പെട്ടിട്ടുണ്ട്. 125 ഹെക്ടറിലധികം പച്ചക്കറി, 154 ഹെക്ടർ ഇഞ്ചി, 1710 ഹെക്ടർ നെല്ല്, 16 ഹെക്ടർ കാപ്പി, 8.5 ഹെക്ടർ തെങ്ങ്, 80 ഹെക്ടർ മരച്ചീനി എന്നിവയും നഷ്ടപ്പെട്ടവയിൽപ്പെടുന്നു. കൂടാതെ 23 ഹെക്ടർ ചേന, 42 ഹെക്ടർ ഏലം, 375.9 ഹെക്ടർ നെല്ല് നേഴ്‌സറി എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്.

2018 ൽ കൃഷി നശിച്ച കർഷകർക്ക് വയനാട് ജില്ലയിൽ മാത്രം സംസ്ഥാന ദുരന്ത പ്രതികരണനിധി വിഹിതമായി 1,55,33,831 രൂപയും, വകുപ്പുതല വിഹിതമായി 24,44,50,725 രൂപയും കാലതാമസം കൂടാതെ സംസ്ഥാന സർക്കാർ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.