കോഴിക്കോട്: നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള കോഴിക്കോട് സെൻട്രൽ മാർക്കറ്റിൽ ഇന്നലെ ഒരു പുതുചരിത്രം കുറിച്ചു. മാർക്കറ്റ് പ്രവർത്തനം നിർത്തിവെച്ച് എല്ലാവിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ ശുചിത്വ ഹർത്താൽ നടത്തി. ഇന്നലെ രാവിലെ 7 മണിയോടുകൂടി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യമായാണ് ഇത്തരത്തിലൊരു ശുചിത്വ ഹർത്താൽ ഇവിടെ നടക്കുന്നത്. ഹർത്താൽ ആഹ്വാനത്തെ തൊഴിലാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കോഴിക്കോട് ടൗൺ ജനമൈത്രി പൊലീസ്, കോഴിക്കോട് കോർപ്പറേഷൻ, സെൻട്രൽ മാർക്കറ്റ് ശുചിത്വ സേന, ആരോഗ്യ വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികൾ, തൊഴിലാളികൾ, ഉപഭോക്താക്കൾ, പരിസരവാസികൾ എന്നിവരുടെ കൂട്ടായ്മയിലൂടെയാണ് അപൂർവ നേട്ടം കൈവരിച്ചത്.
മാർക്കറ്റിന് പുറത്തേക്ക് പരക്കുന്ന ദുർഗന്ധം അകറ്റാനായി എന്തെങ്കിലും ചെയ്യണമെന്ന ടൗൺ പൊലീസിന്റെ നിശ്ചയദാർഢ്യത്തിന്റെ ഭാഗമായിരുന്നു ശുചിത്വ ഹർത്താൽ എന്ന ആശയം. ടൗൺ പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ എ.ഉമേഷിന്റെ നേതൃത്വം കൊണ്ടാണ് ശുചീകരണ പ്രവർത്തനങ്ങൾ ഇത്രയും ഊർജജ്വസ്വലമായി ചെയ്ത് തീർക്കാൻ പറ്റിയതെന്ന് തൊഴിലാളികൾ പറഞ്ഞു.
എല്ലാ വർഷവും ഗാന്ധി ജയന്തി ദിനത്തിൽ മാർക്കറ്റ് തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. .
ഇനി മുതൽ എല്ലാ വ്യാഴാഴ്ചകളിലും ഇത്തരത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ജനമൈത്രി ബീറ്റ് ഓഫീസർ സുനിത പറഞ്ഞു. മാർക്കറ്റ് ജീവനക്കാർക്ക് യൂണിഫോം ഉടൻ തന്നെ നിലവിൽ വരുമെന്നും അവർ പറഞ്ഞു. ലഹരി വിമുക്ത മാർക്കറ്റാണ് ലക്ഷ്യം. മാർക്കറ്റ് ജീവനക്കാരോ ഉപഭോക്താക്കളോ ലഹരി ഉല്പന്നങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കും.
"ശിശു സൗഹൃദ മാർക്കറ്റ് " എന്നതാണ് കൂട്ടായ്മയുടെ മറ്റൊരു ലക്ഷ്യം. മാർക്കറ്റിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മുൻഗണന നൽകി പ്രവർത്തനങ്ങൾ മാതൃകാപരമായി നടപ്പാക്കുമെന്നും അവർ പറഞ്ഞു. പൊലീസിനും ജനങ്ങൾക്കുമൊപ്പം ഫയർഫോഴ്സും ആരോഗ്യ വകുപ്പും ചേർന്നത് ശുചീകരണം വേഗത്തിലാക്കാൻ സഹായിച്ചു. ശുചീകരണത്തിന് മാർക്കറ്റിൽ വെള്ളത്തിന്റെ ദൗർലഭ്യമുള്ളതിനാൽ ബോർവെല്ലിനു വേണ്ടിയുള്ള അപേക്ഷ ഇവർ സമർപ്പിച്ചിട്ടുണ്ട്.
മേയർ തോട്ടത്തിൽ രവീന്ദ്രൻ രാവിലെ 7 മണിക്ക് ശുചിത്വ ഹർത്താൽ ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടർ സാംബശിവറാവു അദ്ധ്യക്ഷത വഹിച്ചു. സിറ്റി പൊലിസ് കമ്മിഷണർ എ.വി ജോർജ് മുഖ്യാതിഥിയായിരുന്നു.