സുൽത്താൻ ബത്തേരി: നിയമ ലംഘകർക്കെതിരെ നടപടികളെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റോഡിലിറങ്ങിയപ്പോൾ വിദേശികളും പിഴ ഒടുക്കേണ്ടി വന്നു. ആയിരംകൊല്ലിയിൽ സാധുതയുള്ള ലൈസൻസില്ലാതെയും ഹെൽമെറ്റ് ഇടാതെയും വന്ന വിദേശികൾക്കാണ് പിഴ ഒടുക്കേണ്ടി വന്നത്. മൊബൈൽ ഫോണിൽ സംസാരിച്ച് ബൈക്ക് ഓടിച്ച് വന്നയാൾ കൈ കാണിച്ച് നിർത്താതെ പോയപ്പോൾ ഉദ്യോഗസ്ഥർ വീട്ടിൽ ചെന്നു ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി എടുത്തു.
ബത്തേരി താലൂക്കിലെ സംയുക്ത വാഹന പരിശോധയിൽ എൻഫോഴ്സ്ന്റ് ആർടി ഒ ബിജു ജെയിംസിന്റെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മുഴുവൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് 15 പേരുടെ പേരിൽ നടപടി സ്വീകരിച്ചു. ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 42 പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടികൾ ആരംഭിച്ചു. രൂപമാറ്റം വരുത്തിയ 12 മോട്ടോർ ബൈക്കുകൾക്കെതിരെ കേസെടുത്തു. പരിശോധനയിൽ 110 വാഹങ്ങളിൽ നിന്നായി 1,20,000 രൂപ പിഴ ഈടാക്കി.
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ പി.സുനീഷ് , സുനേഷ് പുതിയ വീട്ടിൽ, പ്രേമരാജൻ കെ.വി , രാജീവൻ കെ, മുഹമ്മദ് ഷഫീഖ് സുരജ് ആർ, അജികുമാർ സി. ബി, പി.പ്രകാശൻ എന്നിവർ സ്‌ക്വാഡുകൾക്ക് നേതൃത്വം നൽകി.