പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവ.എൽ.പി., എ.യു.പി, ഗവ.ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നടക്കുന്ന 40ാമത് വയനാട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവ വേദികൾക്ക് പേരിട്ടു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഫലപ്രഖ്യാപനത്തിൽ 'വേദിക്കൊരു പേര് ' എന്ന മത്സരത്തിൽ വിജയിയായത് കുഞ്ഞോം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം വിഭാഗം അദ്ധ്യാപകൻ എം.എം.സമീറാണ്.
രാഷ്ട്രപിതാവിന്റെ 150 ാം ജന്മവാർഷികം ആഘാഷിക്കുന്ന ഈ വർഷത്തിൽ, മഹാത്മജിയുടെ ഓർമകൾക്കായുള്ള പേരാണ് വേദികൾക്കിട്ടത്. സബർമതി, മഹാത്മ, കീർത്തി മന്ദിർ, നവജീവൻ, ചമ്പാരൻ, സ്വരാജ്, നവഖാലി, വാർധ, സേവാ ഗ്രാം, സർവോദയ എന്നീ പേരുകളാണ് കലോത്സവവേദിക്കായി തി​രഞ്ഞെടുത്തത്. പ്രിൻസിപ്പൽ ടി.ജെ പുഷ്പവല്ലി, ഹെഡ്മിസ്ട്രസ് സി.പി ആലിസ്, യുപി സ്‌കൂൾ ഹെഡ്മാസ്റ്റർ പി. സുധീർ, ജിഎൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ എ എൻ പരമേശ്വരൻ, വി.അബു, എ.പി ഇബ്രാഹിം, സരിത, ഉണ്ണിമായ, പ്രോഗ്രാം കൺവീർ എബ്രഹാം മാത്യു, ബിജുകുമാർ, എം.ജി ഉണ്ണി, ടോമി എന്നിവർ സംബന്ധിച്ചു.