cpm

കോഴിക്കോട്: യു.എ.പി.എ ചുമത്തി പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹാ ഫസലിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സി.പി.എം ഒരുങ്ങുന്നു. ഇരുവരും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പാർട്ടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം.

അലനും താഹയും സി.പി.എം ബന്ധം മാവോവാദത്തിന് മറയായി ഉപയോഗിച്ചുവെന്ന നിഗമനത്തിലാണ് ജില്ലാ നേതൃത്വം.

ഈ വിഷയം മുൻനിറുത്തി പാർട്ടിയുടെ എല്ലാ തലങ്ങളിലും യോഗം വിളിച്ച് ശുദ്ധീകരണ നടപടികൾക്കും മുൻകരുതലിനും തുടക്കമിടും. മാവോവാദത്തോട് സജീവതാത്പര്യം പുലർത്തുന്നവർ പാർട്ടിയിൽ ഇനിയുമുണ്ടെന്നാണ് നേതൃത്വം കരുതുന്നത്.
പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുത്തുകൊണ്ടു പ്രസ്ഥാനത്തെ കബളിപ്പിക്കാനായെന്നത് വലിയ വീഴ്ചയായി നേതൃത്വം കാണുന്നു. വസ്തുതകൾ പൂർണമായി മനസ്സിലാക്കാതെയാണ് എം.എ.ബേബിയും തോമസ് ഐസക്കും എം.വി.ജയരാജനും അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രതികരിച്ചതെന്ന വിലയിരുത്തലിലാണ് പാർട്ടി സംസ്ഥാന നേതൃത്വം.