കുന്ദമംഗലം: യുഡിഎഫ് ഭരിക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടപ്പെടാൻ സാദ്ധ്യതയേറി. ആകെയുള്ള 19 സീറ്റിൽ യുഡിഎഫിന് 10ഉം എൽഡിഎഫിന് 9ഉം സീറ്റുകളാണുള്ളത്.യുഡിഎഫിലെ വൈസ് പ്രസിഡൻറ് ശിവദാസൻ നായർ എൽഡിഎഫ് പക്ഷത്തേക്ക് കൂറ് മാറിയതാണ് ഭരണ മാറ്റത്തിന് സാധ്യത തെളിഞ്ഞത്. 19 അംഗങ്ങളുള്ള ഭരണ സമിതിയിൽ സിപിഐഎമ്മിന് 8 സീറ്റും എൻസിപിക്ക് 1 സീറ്റുമടക്കം എൽഡിഎഫിന് 9 സീറ്റും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 6 സീറ്റും മുസ്ലിം ലീഗിന് 3 സീറ്റുമടക്കം യുഡിഎഫിന് 9 സീറ്റുമാണ് നിലവിലുള്ളത്. ഇരു മുന്നണികൾക്കും തുല്യ സീറ്റുകളായത് കൊണ്ട് ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്ന ഏക സീറ്റ് നേരത്തെ യുഡിഎഫിനോടൊപ്പമുണ്ടായിരുന്ന ജെഡിയുവിൻറെ കൈയിലാണ്. ജെഡിയു പാർട്ടി എൽഡിഎഫ് മുന്നണിയിൽ ചേർന്നിരുന്നെങ്കിലും ശിവദാസൻ നായർ യുഡിഎഫിൽ തന്നെ തുടരുകയും ബ്ലോക്ക് വൈസ് പ്രസിഡൻറ് സ്ഥാനം വഹിക്കുകയുമായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി വിജിമുപ്രമ്മലിലാണ് പ്രസിഡൻറ്. നേരത്തെ പ്രസിഡണ്ടായിരുന്ന രമ്യ ഹരിദാസ് എം.പിയായതോടെ രാജി വെച്ച ഒഴിവിലാണ് കോൺഗ്രസ്സിലെ വിജിമുപ്രമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായത്.