കോഴിക്കോട്: ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം സാധാരണക്കാരിലേക്ക് കൂടി എത്തിക്കുന്നതിൽ ആർ.ശങ്കർ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പി.വി. ഗംഗാധരൻ പറഞ്ഞു.
രാഷ്ട്രീയരംഗത്തും സാമുദായികരംഗത്തും തലയെടുപ്പോടെ മുൻനിരയിൽ നിന്ന നേതാവായിരുന്നു ശങ്കർ. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ സമുദായങ്ങൾക്കും ഗുണകരമായിട്ടുണ്ട്.
ആർ.ശങ്കറിന്റെ 47 -ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് വെസ്റ്റ്‌ഹിൽ യൂണിയൻ അത്താണിക്കൽ ഗുരുവരാശ്രമത്തിൽ ഒരുക്കിയ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടത്തരം കുടുംബങ്ങളിലെ കുട്ടികൾക്ക് കോളേജ് വിദ്യാഭ്യാസം ലഭിക്കാൻ സാഹചര്യമുണ്ടായത് അദ്ദേഹത്തിന്റെ പ്രവർത്തനഫലമായാണ്. നേരത്തെ സമ്പന്നർക്കു മാത്രമേ ഉന്നതവിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നുള്ളൂ. ഇടത്തരക്കാർക്കും തൊഴിലാളികുടുംബങ്ങളിലുള്ളവർക്കും അതിന് അവസരമുണ്ടാക്കിയെന്നതു തന്നെയാണ് ആർ.ശങ്കറിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്.
ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ടി.ഷനൂബ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി പ്രണവ സ്വരൂപാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സി.സുധീഷ്, മുൻ യൂണിയൻ സെക്രട്ടറി പുഷ്പൻ ഉപ്പുങ്ങൽ, അഡ്വ.എം.രാജൻ, ടി.സിനി, ലീലാ വിമലേശൻ, പി.കെ.ഭരതൻ, ചന്ദ്രൻ പാലത്ത്, എം.മുരളീധരൻ, സിമി ഡാഡു എന്നിവർ പ്രസംഗിച്ചു.