കോഴിക്കോട്: ഗോകുലം കേരള എഫ്.സി യുടെ ന്യൂട്രീഷൻ പാർട്ട്ണറായി ഇന്ത്യയിലെ മുൻനിര ബ്രാൻഡായ ഫാസ്റ്റ് ആൻഡ് അപ്പ് തുടരും. മൂന്നു വർഷത്തേയ്ക്കുള്ള കരാറിൽ ഇരുകൂട്ടരും ഒപ്പുവെച്ചു.
ഫാസ്റ്റ് ആൻഡ് അപ്പിന്റെ സഹകരണം ടീമിന് കൂടുതൽ ഊർജമാവുമെന്ന് ഗോകുലം കേരള എഫ്.സി സി.ഇ.ഒ ഡോ.ബി. അശോക് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താരങ്ങളും പരിശീലകരും ഫാസ്റ്റ് ആൻഡ് അപ്പിന്റെ ഉത്പന്നങ്ങളിൽ ഏറെ സംതൃപ്തരാണ്. മത്സരത്തിനിടയിൽ പരിക്ക് പറ്റുന്ന താരങ്ങളെ പരിപാലിക്കുന്നതിലും ഫാസ്റ്റ് ആൻഡ് അപ്പിന്റെ ഗണ്യമായ സേവനമുണ്ട്. ഇന്ത്യയിലെ മികച്ച ഐ.എസ്.എൽ ടീമുമായി മത്സരിക്കാനുള്ല കരുത്ത് ഗോകുലത്തിനുണ്ടെന്നും സി.ഇ.ഒ വ്യക്തമാക്കി.
ഗോകുലം എഫ്.സിക്കൊപ്പം തുടരാനായതിൽ സന്തോഷമുണ്ടെന്ന് ഫാസ്റ്റ് ആൻഡ് അപ്പ് പ്രതിനിധി നാഗരാജ ഹർഷ പറഞ്ഞു. ഇത്തവണ ഗോകുലം ഐ.എസ്.എൽ ചാമ്പ്യൻഷിപ്പ് നേടുമെന്നാണ് പ്രതീക്ഷ. ഗോകുലത്തിന്റെ ജേഴ്സിയിൽ ഫാസ്റ്റ് ആൻഡ് അപ്പിന്റെ ലോഗോയുമുണ്ടാകും. ഡ്യൂറന്റ് കപ്പ് സ്വന്തമാക്കിയ ഗോകുലത്തിന് ഈ സീസണിൽ മിന്നുന്ന തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ഗോകുലം എഫ്.സി ഓപ്പറേഷൻസ് മേധാവി ഉണ്ണി പറവണ്ണൂർ, മാർക്കറ്റിംഗ് മാനേജർ മിസ്ഫ റിച്ചാർഡ്സ് തുടങ്ങിയവരും സംബന്ധിച്ചു.