വൈത്തിരി: വൈത്തിരി ടൗണിൽ നവംബർ 15 മുതൽ ട്രാഫിക് പരിഷ്‌കാരം നിലവിൽ വരും. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റിയിലാണ് തീരുമാനം. പരിഷ്‌ക്കരണത്തിൽ എന്തെങ്കിലും അപാകതകൾ കാണുന്നപക്ഷം അവ പരിശോധിച്ച് ഡിസംബർ ഒന്നു മുതൽ നിയമം കർശനമായി നടപ്പിലാക്കും.
പരിഷ്‌ക്കാരങ്ങൾ ഇങ്ങനെ:
ബസ് സ്റ്റാൻഡിനു മുമ്പിലുളള ഓട്ടോ സ്റ്റാൻഡ് ഉണക്കമീൻ കട മുതൽ കെ.പി ഖാദർ വഴി വരെ. ഓട്ടോറിക്ഷകൾ ഒന്നിൽ കൂടുതൽ വരികളായി നിർത്തിയിടാൻ പാടില്ല. പഴയ പൊലീസ് സ്‌റ്റേഷന് സമീപമുള്ള ഓട്ടോ സ്റ്റാന്റ് ഡെയ്ലി നീഡ്സ് കട മുതൽ അനിൽ വളക്കട ബിൽഡിംഗ് വഴി വരെ.
പകൽവീടിന് സമീപമുള്ള ഓട്ടോസ്റ്റാന്റ് തൽസ്ഥിതി തുടരും.
പഞ്ചായത്തിന് സമീപമുള്ള ഓട്ടോ സ്റ്റാന്റ് പഞ്ചായത്ത് കിണർ മുതൽ പഞ്ചായത്ത് ഓഫീസ് വരെ ആയിരിക്കും. നാലുചക്ര ഓട്ടോ റിക്ഷകളുടെ പാർക്കിംങ് സി.പി.എം പാർട്ടി ഓഫീസ് സമീപമുള്ള പഞ്ചായത്ത് കിണർ മുതൽ മുകളിലേക്ക്. നാലുചക്ര ഓട്ടോകളുടെ പാർക്കിങ് റോഡിനഭിമുഖവും ഓട്ടോകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കോഓപ്പറേറ്റീവ് ബാങ്കിന് എതിർവശത്താണ് ഗുഡ്സ് ഓട്ടോസ്റ്റാന്റ്.
പിക്ക് അപ് ജീപ്പുകൾ പൊഴുതന റോഡിൽ നിലവിലെ സ്ഥലത്തും ടാക്സി സ്റ്റാൻഡ് ദീപ ബേക്കറിക്ക് എതിർവശത്ത് നിലവിലുള്ള സ്ഥലത്തും തുടരും. ട്രാവലർ വാഹനങ്ങൾക്ക് കച്ചേരിപ്പാറ ഭാഗത്താണ് പാർക്കിംങ്.
പ്രൈവറ്റ് വാഹനങ്ങളുടെ പാർക്കിംങ് അനിൽ വളക്കടയുടെ മുൻവശം മുതൽ മുകളിലേക്ക് ഒരു സൈഡിൽ മാത്രം.
പൊഴുതനയിൽ നിന്നു വരുന്ന ബസ്സുകൾ മാവേലിസ്റ്റോറിനു മുന്നിലും പൊഴുതന ഭാഗത്തേക്ക് പോകുന്ന ബസുകൾ മുസ്ലിം പളളിക്കു സമീപവും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണം. പൊഴുതന ജംങ്ഷൻ മുതൽ ഫാമിലി മെറ്റൽസ് വരെ പാർക്കിംഗ് പാടില്ല.
ബസ് സ്റ്റാന്റിനുളളിൽ മറ്റു വാഹനങ്ങളുടെ പാർക്കിംങ്ങും വൈത്തിരി ടൗണിൽ വാഹനങ്ങളിലുളള കച്ചവടവും നിരോധിച്ചു.
ടാക്സി സ്റ്റാന്റുകൾക്ക് പുറകിലുളള കച്ചവട സ്ഥാപനങ്ങൾക്ക് മാർഗതടസ്സമില്ലാത്ത രീതിയിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളൂ. കടകളിൽ സാധനങ്ങൾ ഫുട്പാത്തിൽ ഇറക്കി വെയ്ക്കാൻ പാടില്ല.