@ ആന്ധ്രാപ്രദേശിനെ തമിഴ്നാട് 4-1 പരാജയപ്പെടുത്തി
@ ഗോൾ ശരാശരിയിൽ കേരള മുന്നിൽ
@ നാളത്തെ കളിയിൽ തമിഴ്നാടിനോട് തോൽക്കാതിരുന്നാൽ കേരളത്തിന് യോഗ്യത
കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ കേരളത്തിന് ഇനി സമനില മതി. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന കളിയിൽ തമിഴ്നാട് ഒന്നിനതിരെ നാല് ഗോളുകൾക്ക് ആന്ധ്ര പ്രദേശിനെ തോൽപ്പിച്ചെങ്കിലും ഗോൾ ശരാശരിയിൽ കേരളമാണ് മുന്നിൽ. രണ്ട് കളിയും തോറ്റ ആന്ധ്ര പുറത്തായി.
ആദ്യ കളിയിൽ കേരളം ആന്ധ്രയെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. എൽ. ലിജോയുടെ ഹാട്രിക്കിന്റെ കരുത്തിലാണ് തമിഴ്നാടിന്റെ വിജയം. 22, 72, 86 മിനിട്ടുകളിലാണ് ലിജോ വല കുലുക്കിയത്. 16ാം മിനിട്ടിൽ എ. ദിവാകറാണ് തമിഴ്നാടിനായി ഗോൾ വേട്ട ആരംഭിച്ചത്. 79ാം മിനിട്ടിൽ തരുൺ കുമാർ റെഡ്ഡി ആന്ധ്രയ്ക്കായി ആശ്വാസ ഗോൾ നേടി.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച തമിഴ്നാട് 16ാം മിനിട്ടിൽ ആദ്യ ഗോൾ നേടി. പെനാൾട്ടി ബോക്സിൽ ആന്ധ്ര പ്രതിരോധ നിരയുടെ പാളിച്ച മുതലെടുത്താണ് ദിവാകർ സ്കോർ ചെയ്തത്.
22ാം മിനിട്ടിൽ ആന്ധ്ര ഗോളി കൊപ്പസെറ്റി അജയ്കുമാറിന്റെ പിഴവിൽ നിന്ന് ലിജോ ആദ്യ ഗോൾ നേടി. പന്തുമായി ബോക്സിലേക്ക് കുതിച്ച ലിജോയെ തടയാനായി അഡ്വാൻസ് ചെയ്ത അജയ്കുമാറിനെ കബിളിപ്പിച്ച് ലിജോ പന്ത് വലയിലേക്ക് തട്ടിയിട്ടു. 72ാം മിനിട്ടിൽ ലിജോ മികച്ച ഷോട്ടിലൂട ലീഡ് ഉയർത്തി. തമിഴ്നാട് ഏകപക്ഷീയമായ വിജയത്തിലേക്ക് നീങ്ങവെയാണ് ആന്ധ്ര തിരിച്ചടിക്കുന്നത്. 79ാം കോർണറിൽ തലവെച്ച് പ്രതിരോധ നിര താരം തരുൺ കുമാർ റെഡ്ഡി ആന്ധ്രയ്ക്കായി കളിയിലെയും ടൂർണമെന്റിലെയും ആദ്യ ഗോൾ നേടി. ആറ് ഗോൾ വ്യത്യാസത്തിൽ വിജയിച്ചാൽ ഗോൾ ശരാശരിയ കേരളത്തെ മറികടാക്കമെന്ന പ്രതീക്ഷയോടെ നിരന്തര ആക്രമണമാണ് തമിഴ്നാട് നടത്തിയത്. ഇതനിന്റെ ഫലമായി 86ാം മിനിട്ടിൽ ലിജോയിലൂടെ തമിഴ്നാട് വീണ്ടും ലീഡ് ഉയർത്തി. ചെഗ്വേരയുടെ പാസിൽ നിന്നായിരുന്നു ലിജോയുടെ ഹാട്രിക് ഗോൾ. കന്യാകുമാരി സ്വദേശിയായ ലിജോ ആദ്യമായാണ് സീനിയർ ടീമിനായി ബൂട്ടുകെട്ടുന്നത്.
നിർണായക മത്സരത്തിൽ നാളെ കേരളം തമിഴ്നാടിനെ നേരിടും. ഇന്ന് കർണാടക തെലുങ്കാനയെ നേരിടും.