കോഴിക്കോട്: ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ താത്പര്യമുള്ള സന്നദ്ധസേവന സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരെ ഉൾപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സൊസൈറ്റി കൺസൽട്ടേഷൻ മീറ്റിംഗ് സംഘടിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ പദ്ധതി മാർഗ്ഗരേഖ തയ്യാറാക്കി, കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്.
കഴിഞ്ഞ രണ്ടു പ്രളയത്തെ മുൻനിർത്തി ജില്ലയെ അടിയന്തര ഘട്ടങ്ങൾ നേരിടാൻ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു യോഗം സംഘടിപ്പിച്ചത്. സംഘടനകളുടെ നേതൃത്വത്തിൽ ജനങ്ങളുടെ പങ്കാളിത്തമുറപ്പിച്ചു കൊണ്ട് ദുരന്തഘട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ചാണ് യോഗം ചർച്ച ചെയ്തത്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട ഫോൺ നമ്പറുകൾ, അവശ്യ വസ്തുക്കളുടെ ലഭ്യത തുടങ്ങി അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട വിവരങ്ങൾ അടങ്ങിയ ഡയറക്ടറിയും തയ്യാറാക്കുമെന്നും യോഗം അറിയിച്ചു.
താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, ഹസാർഡ് അനലിസ്റ്റ് പി അശ്വതി, സ്ഫിയർ ഇന്ത്യ ജില്ലാ കോ ഓർഡിനേറ്റർ പി നീനു, കമ്മ്യൂണിറ്റി മൊബിലൈസർ കെ വി റംഷീന തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ 60 ഓളം സന്നദ്ധ സംഘടന പ്രതിനിധികളും 40 ഓളം വ്യക്തികളും പങ്കെടുത്തു.
ജില്ലാ ദുരന്ത നിവാരണ പദ്ധതി മാർഗ്ഗരേഖ തയ്യാറാക്കുന്നതിലേക്കായി കഴിഞ്ഞദിവസം വിവിധ വകുപ്പുകളിലെ നോഡൽ ഓഫീസർമാരുടെ യോഗവും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ സാംബശിവറാവുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നിരുന്നു. ദുരന്തസാധ്യതയുള്ള മേഖലകൾ കണ്ടെത്തൽ, ദുരന്തമൊഴിവാക്കാൻ സ്വീകരിക്കാവുന്ന നടപടികൾ, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള പരിശീലനം, പഞ്ചായത്ത് തലം മുതൽ ജില്ലാ തലംവരെ വിവിധ മേഖലകളിൽ എടുക്കേണ്ട മുൻകരുതലുകളും നടപടികളും തുടങ്ങിയ കാര്യങ്ങൾ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ വിശദമായി ചർച്ച ചെയ്തു. ദുരന്തനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും മാർഗരേഖയും അതത് വകുപ്പുകൾ ഉടൻ നല്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.