കണ്ണൂർ:ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്പെൻഷനിലായ നഗരസഭാ സെക്രട്ടറി എം.കെ.. ഗിരീഷിനെ തിരിച്ചെടുത്തു. സാജന്റെ കൺവെൻഷൻ സെന്ററിന് ചട്ടവിരുദ്ധമായി അനുമതി നിഷേധിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. ഗിരീഷിന് കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറിയായാണ് പുതുതായി നിയമനം നൽകിയിരിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി പി.. എൻ.. അനീഷിനെ മട്ടന്നൂരിലേക്കും ആന്തൂർ നഗരസഭാ സെക്രട്ടറി എം.സുരേശനെ ഇരിട്ടിയിലേക്കും ഇരിട്ടി നഗരസഭാ സെക്രട്ടറി അൻസൽ ഐസകിനെ ആന്തൂരിലേക്കും മാറ്റി നിയമിച്ചിട്ടുണ്ട്.ആന്തൂർ നഗരസഭാ സെക്രട്ടറി ഉൾപ്പെടെ നാലുപേരെയാണ് കഴിഞ്ഞ ജൂണിൽ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തത്.
ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയിൽ ഉദ്യോഗസ്ഥരെ മാത്രം കുറ്റക്കാരാക്കാനാണ് നീക്കമെന്ന് ആക്ഷേപം ഉയർന്നിരുന്നു.ആന്തൂരിൽ കൺവെൻഷൻ സെന്ററിന് പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാൻ എൻജിനിയറിംഗ് വിഭാഗം നിർദേശിച്ചെന്ന് രേഖകളിൽ വ്യക്തമാണ്. പൂർത്തീകരണ സർട്ടിഫിക്കറ്റ് നൽകാമെന്ന് അസിസ്റ്റന്റ് എൻജിനിയർ കെ. കലേഷ് ഫയലിൽ കുറിച്ചു. ഇതിനു ശേഷവും നഗരസഭാ സെക്രട്ടറി അനാവശ്യ തടസ്സവാദങ്ങൾ ഉന്നയിക്കുകയായിരുന്നു. വാഷ് ബെയ്‌സിനുകളുടെ എണ്ണം കുറവാണ് എന്നതുൾപ്പെടെ നിസാരമായ 15 കാരണങ്ങളായിരുന്നു തടസവാദങ്ങളായി നഗരസഭാ സെക്രട്ടറി എം.കെ.ഗിരീഷ് ഫയലിൽ കുറിച്ചത്.