വടകര: അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് യു.ഡി.എഫിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട അഴിയൂരില്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ ഇടത് മുന്നണിയിലെ വി.പി. ജയന്‍ (എല്‍.ജെ.ഡി ) തിരഞ്ഞെടക്കപ്പെട്ടു. വി.പി.ജയന് ഒമ്പതും യു.ഡി.എഫ് -ആര്‍.എം.പി.ഐ സഖ്യം സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ്ലിം ലീഗിലെ സുധ കുളങ്ങരത്തിന് 8 വോട്ടും ലഭിച്ചു . എസ്.ഡി.പി.ഐയുടെ ഏക അംഗത്തിന്റെ വോട്ട് അസാധുവായി . സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം കൊയിലാണ്ടി അസി. എഡ്യുക്കേഷണല്‍ ഓഫീസ് സീനിയര്‍ സുപ്രണ്ട് കെ.ആശ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ലോക് താന്ത്രിക് ജനതാദള്‍ യു.ഡി.എഫില്‍ നിന്ന് ഇടതുമുന്നണിയില്‍ എത്തിയതോടെയാണ് ഭരണ മാറ്റത്തിന് കളമൊരുങ്ങിയത്. ജനതാദള്‍ (യു) ടിക്കറ്റില്‍ മത്സരിച്ച് എല്‍.ജെ.ഡി യിലേക്ക് കൂറുമാറിയ മൂന്ന് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പദം ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇടതു മുന്നണി പ്രവര്‍ത്തകര്‍ അഴിയൂരില്‍ പ്രകടനം നടത്തി.