പയ്യോളി : മാർച്ചുകളും പ്രകടനങ്ങളും ധർണയും കണ്ടു പരിചയിച്ച അധികൃതർക്ക് മുന്നിൽ വ്യത്യസ്തമായ ഒരു സമരമുറയുമായാണ് പുൽക്കൊടികൂട്ടം പ്രവർത്തകർ എത്തിയത്. കുടിവെള്ളത്തിനായാണ് ഇവർ ചിരട്ടമുട്ടി പാട്ടുപാടി പയ്യോളി നഗരത്തിൽ പ്രതിഷേധിച്ചത്. പടിഞ്ഞാറൻ പയ്യോളിയിലെ മഞ്ഞ വെള്ള പ്രദേശത്ത് സ്ഥാപിച്ച 22 കുടിവെള്ള ടാപ്പുകളിലെ ജലവിതരണം നിലച്ചതോടെയാണ് സമീപവാസികളായ നൂറുകണക്കിന് കുടുംബത്തിൻെറ കുടിവെള്ളം മുട്ടിയത്. ഇതിനുമുമ്പ് മുമ്പ് രണ്ടു വർഷത്തോളം പുൽക്കൊടികൂട്ടം നടത്തിയ ജലസമരത്തിന്റെ അവസാനഘട്ടത്തിൽ മരണംവരെയുള്ള ഉപവാസം തീരുമാനിച്ചതിനെ തുടർന്നായിരുന്നു ഇവിടെ ജലവിതരണം ലഭ്യമായത്. കെ.ദാസൻ എംഎൽ.എയും അന്നത്തെ ജില്ലാ കളക്ടറും പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. ഒടുവിൽ വെള്ള പ്രശ്നം ദുരന്തമായി പ്രഖ്യാപിക്കപ്പെടുകയും വിഷയം ജില്ലാ ദുരന്തനിവാരണ സമിതി ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് മണ്ണ് മൂടപ്പെട്ടു കിടന്നിരുന്ന മത്സ്യഗ്രാമം കുടിവെള്ള പദ്ധതി വീണ്ടെടുക്കുകയും 22 കുടിവെള്ള ടാപ്പുകൾ സ്ഥാപിക്കുകയും ജലവിതരണം തുടങ്ങുകയും ചെയ്തിരുന്നു.
നഗരസഭാ വൈസ് ചെയർമാന്റെ നേതൃത്വത്തിലുള്ള ഗുണഭോക്തൃ കമ്മിറ്റിക്കായിരുന്നു ജലവിതരണത്തിന്റെ ചുമതല.
വീണ്ടും മുട്ടി വെള്ളംകുടി
എന്നാൽ കഴിഞ്ഞ നാലര മാസത്തോളമായി ഈ പ്രദേശത്തെ ജലവിതരണം നിലച്ചിരിക്കുകയാണ്.
മഞ്ഞ വെള്ളമല്ലാതെ മറ്റൊരു ശുദ്ധജല ഉറവിടവും നിലവിലില്ലാത്ത പ്രദേശത്താണ് പൈപ്പ് വഴിയുള്ള കുടിവെള്ളം മുട്ടിയിരിക്കുന്നത്. ജലവിതരണം നിലച്ചിട്ടും ഗുണഭോക്തൃ കമ്മിറ്റിയടെ ഒരു യോഗം പോലും ചേർന്നില്ലെന്ന പരാതിയുമുണ്ട്. പുൽക്കൊടികൂട്ടം പ്രവർത്തകർ പ്രശ്നത്തിൽ ഇടപെടുകയും കുടിവെള്ള വിതരണം ഉടനെ ആരംഭിക്കണമെന്നും ഗുണഭോക്താക്കളെ മാത്രം ഉൾപ്പെടുത്തി പുതിയ ഗുണഭോക്തൃ കമ്മിറ്റിക്ക് രൂപം നൽകണമെന്നും ആവശ്യപ്പെട്ട് നഗരസഭയുടെ ചെയർപേഴ്സണും സെക്രട്ടറിക്കും കത്ത് നൽകി.
എന്നാൽ വിഷയം ചർച്ച ചെയ്തു രമ്യമായി പരിഹരിക്കനുള്ള നീക്കം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഈ ഘട്ടത്തിലാണ് ഗുണഭോക്താക്കൾ ഒത്തുചേർന്ന് ടൗണിൽ പ്രകടനം നടത്തിയത്.
അതുകൊണ്ടും പരിഹാരം ആവാതെ വന്നപ്പോൾ പുൽക്കൊടികൂട്ടം നേതൃത്വത്തിൽ സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തുകൊണ്ടുള്ള പ്രകടനവും പൊതുയോഗവും നടന്നു.
നഗരസഭയുടെ അലംഭാവം
ഇങ്ങനെ പ്രതിഷേധങ്ങൾ നടക്കുന്ന അവസരങ്ങളിൽ ഒന്നോ രണ്ടോ ദിവസം വെള്ളം എത്തിക്കുക എന്ന ശൈലിയാണ് നഗരസഭ സ്വീകരിച്ചത്. ദാഹജല ലഭ്യതയുടെ കാര്യത്തിൽ അങ്ങേയറ്റം ഗുരുതരമായ സ്ഥിതി നിലനിൽക്കുന്ന ഈ മഞ്ഞ വെള്ള പ്രദേശത്തെ ദയനീയമായ സ്ഥിതിയോട് വളരെ അലംഭാവത്തോടെയുള്ളസമീപനം നഗരസഭ സ്വീകരിക്കുന്നതിൽ കടുത്ത പ്രതിഷേധം എന്ന നിലയിലാണ്ചിരട്ടമുട്ടി പാട്ടുംപാടി ഗുണഭോക്താക്കൾ നഗരസഭാ കവാടത്തിൽ എത്തിയത്. ജനങ്ങളുടെ വിവിധ വിഷയങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കുന്നതിനു രണ്ടു വർഷം മുൻപ് രൂപം കൊടുത്ത സംഘടനയാണ് പുല്കൊടിക്കൂട്ടം. പുൽക്കൊടി കൂട്ടം ചെയർമാൻ എം.സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.എം.നിഷിത്,ശ്രീകല ശ്രീനിവാസൻ,ഗീതാ പ്രകാശൻ, സി.പവിത്രൻ,രാജൻ.ടി.കെ, ശശിധരൻ പി.എം, കെസി ഷബിത് തുടങ്ങിയവർ നേതൃത്വം നൽകി.