പാലക്കാട്: ദീപാവലി ദിവസം കാട്ടിൽ എന്തൊക്കെയോ നടന്നിരുന്നു. അന്ന് പതിനഞ്ചോളം ഉദ്യോഗസ്ഥർ ധാന്യം ഊരുവഴി വന്നിട്ടുണ്ട്. പിറ്റേന്ന് വെളുപ്പിനേ തണ്ടർബോൾട്ട് സംഘങ്ങളും ഉരിലെത്തിയെന്നും ആദിവാസികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകം വടികുത്തിയാണ് നടന്നിരുന്നത്. കുറുമ്പ മേഖലയിൽ കൂടുതലായി സഞ്ചരിക്കുന്ന മണിവാസകവുമായി അട്ടപ്പാടിയിലെ ആദിവാസികൾക്ക് മികച്ച ബന്ധമാണെന്നും തായ്കുല സംഘം വൈസ് പ്രസിഡന്റ് കെ.ശിവാനിയും കെ.ശിവകാമിയും പറഞ്ഞു. മണിവാസകത്തിനു പുറമെ കൈകുഞ്ഞുള്ള ശ്രീമതിയും സാവിത്രിയും അരവിന്ദിനെയുമാണ് അട്ടപ്പാടി മേഖലയിൽ കണ്ടിട്ടുള്ളത്. കുട്ടിയുമായി വന്നും ഭക്ഷണവും വസ്ത്രവും വാങ്ങിയിരുന്നു. വെടിവെയ്പ്പിന് ഒന്നരമാസം മുമ്പുപോലും ഇവർ ഊരിലെത്തി. മൂന്നുമാസം മുമ്പ് എടവാനിയിൽ ഇവർ എത്തിയതറിഞ്ഞ് പൊലീസ് എത്തിയെങ്കിലും മറഞ്ഞിരുന്ന് രക്ഷപ്പെട്ടു. പൊലീസ് ഇപ്പോൾ പറയുന്ന ദീപകിനെയും സുരേഷിനെയും അറിയില്ല. കാർത്തിയെയും രമയെയും ആരും കണ്ടിട്ടില്ല.
2013 മുതൽ അട്ടപ്പാടിയിലെ ഊരുകളിൽ മാവോയിസ്റ്റുകൾ എത്താറുണ്ട്. ആരെയും ആക്രമിക്കുകയോ പിടിച്ചുപറിക്കുകയോ കൊള്ളനടത്തുകയോ ചെയ്തിട്ടില്ല. ആദിവാസികളിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുമെന്നല്ലാതെ ആർക്കും ദ്രോഹം ചെയ്തിട്ടില്ല. ഇക്കാര്യങ്ങൾ ഇപ്പോൾ പറഞ്ഞാൽ മാവോയിസ്റ്റാക്കി അറസ്റ്റു ചെയ്യുമോ എന്ന് ഊരുനിവാസികൾക്ക് പേടിയുണ്ടെന്നും ശിവാനി പറഞ്ഞു.
ആദ്യദിവസത്തെ ഏറ്റുമുട്ടലിനിടയിൽ മണിവാസകം ഓടിരക്ഷപ്പെട്ടതായും പിറ്റേന്ന്, വെടിയേറ്റ് മരിച്ച മൂന്നു മാവോയിസ്റ്റുകളുടെ ഇൻക്വസ്റ്റ് നടപടിക്കായി ഉദ്യോഗസ്ഥർ വനത്തിലെത്തിയപ്പോൾ നൂറുമീറ്ററോളം മാറി ഉയർന്നപ്രദേശത്തുനിന്നും മണിവാസകം ചാടിവീണ് എ.കെ.47 ഉപയോഗിച്ച് ആക്രമിച്ചുവെന്നുമാണ് പൊലീസ് ഭാഷ്യം. ഇൻക്വസ്റ്റ് സമയത്തെ വെടിവെയ്പ്പ് സംബന്ധിച്ച് പൊലീസ് പുറത്തുവിട്ട വീഡീയോ നാടകമാണ്. ജുഡീഷ്യൽ അന്വേഷണം വന്നാൽ തെളിവുസഹിതം പറയുമെന്നും അവർ വ്യക്തമാക്കി.