പന്തീരങ്കാവ്: കയർ പൊട്ടിച്ച് വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ പരിക്കുകളോടെ രണ്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും കുഴിയിൽ ചാടി പരിക്കേറ്റ ഒരാളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുത്തൂർ മഠം അമ്പിലോളി കുമ്മങ്ങൽ ഹന്നത്ത് (24), മുണ്ടുപാലം പടിഞ്ഞാറെ പൊയിൽ പക്കർ (55) , പള്ളിക്കുന്ന് പറമ്പ് മുഹമ്മദ് (53) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ പന്തീരാങ്കാവ് വള്ളിക്കുന്നിൽ നിന്നും വിരണ്ടോടിയ പോത്താണ് അമ്പിലോളിയിലെത്തി ആളുകളെ ആക്രമിച്ചത്. വസ്ത്രം അലക്കി കൊണ്ടിരിക്കവെയാണ് ഹന്നത്തിന് പോത്തിന്റെ കുത്തേറ്റത്.
തുടയെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. മുണ്ടുപാലത്ത് വെച്ച് പോത്തിന്റെ കുത്തേറ്റ പക്കറിന് വാരിയെല്ലിനാണ് പരിക്ക്.പയ്യടി മേത്തൽ വഴി പാലാഴിയിലെത്തിയ പോത്ത് വടക്കെ ചാൽ റോഡിലെ പറമ്പിൽശാന്തനായി നിന്നെങ്കിലും വാഹനത്തിലെത്തിയ ആൾക്കൂട്ടം കയറുമായി പോത്തിനെ പിടിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പാലാഴി അത്താണിയിൽ വെച്ച് ഓട്ടോ ഡ്രൈവർക്ക് നേരെ തിരിഞ്ഞു. ഒരു കെട്ടിടത്തിന്റെ ഗോവണിയിലേക്ക് കയറാൻ ശ്രമിക്കവെയാണ് അതിന് പിടികൂടിയത്. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും നിസ്സഹായരായി മടങ്ങുകയായിരുന്നു.