മീനങ്ങാടി: കായിക താരങ്ങളുടെ ജനനത്തിയതി തിരുത്തി രേഖയുണ്ടാക്കി മത്സരത്തിൽ പങ്കെടുപ്പിക്കുകയും, പ്രശ്നം വിദ്യാഭ്യാസ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നവരെ കച്ചവട ലോബിയുടെ വക്താക്കളായി ചിത്രീകരിക്കുകയും ചെയ്യുന്നവർ മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപക രക്ഷാകർത്തൃസമിതി യോഗം തീരുമാനിച്ചു.
മുൻവർഷം സംസ്ഥാന കായികമേളയിൽ വയനാട് ജില്ലയ്ക്ക് മെഡൽ നേടിത്തന്ന വിദ്യാർഥിയെ പ്രലോഭിപ്പിച്ച് മാനന്തവാടി താലൂക്കിലെ ഒരു വിദ്യാലയത്തിലേക്ക് മാറ്റുകയും, കുട്ടിയുടെ ജനനത്തിയ്യതി സംബന്ധമായ രേഖകൾ തിരുത്തി, മുൻവർഷം ജൂനിയർ വിഭാഗത്തിൽ മത്സരിച്ച കുട്ടിയെ ഇത്തവണ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിപ്പിക്കുകയും ചെയ്ത നടപടിയെയാണ് ചോദ്യംചെയ്തിരുന്നത്. തങ്ങൾ നൽകിയ തെളിവു സഹിതമുള്ള പരാതി അധികൃതർ പരിശോധിച്ച് നടപടിയെടുക്കുമെന്ന ഭയമാണ് മാഫിയ ആരോപണത്തിനു പിന്നിൽ. വിദ്യാർഥികളെ ശരിയായ പരിശീലനം നൽകി മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിനു പകരം കുറുക്കുവഴികളിലൂടെ വിജയം തേടുന്നത് നല്ല പ്രവണതയല്ലെന്നും യോഗം വിലയിരുത്തി.
പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അദ്ധ്യക്ഷത വഹിച്ചു. ടി.എം ഹൈറുദ്ദീൻ, ബിന്ദു സാലു, സാബു സേവ്യർ, മിനി സാജു. കെ.പി പ്രദീശൻ, മോഹനൻ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.