കോഴിക്കോട്: കോഴിക്കോടിന്റ അഭിമാനവും അടയാളവുമായ മാനാഞ്ചിറ സ്‌ക്വയറിന് ഇന്ന് ഇരുപത്തഞ്ചാം പിറന്നാൾ. കോഴിക്കോടൻ ഹൽവയുടെ മധുരവും കോഴിക്കോടൻ ബിരിയാണിയുടെ സ്വാദും പോലെ മാനാഞ്ചിറയും ഒരു അത്ഭുതമാണ്. ഖൽബ് നിറച്ചു സ്നേഹം തരുന്ന കോഴിക്കോടുകാരുടെ ഹൃദയത്തിൽ ചേർത്ത് വയ്ക്കപ്പെടുന്ന ഒന്നായി മാനാഞ്ചിറ സ്‌ക്വയർ മാറിക്കഴിഞ്ഞു. കേവലം ഒരു മൈതാനം മാത്രമല്ല മാനാഞ്ചിറ, അത് ഈ മഹാനഗരത്തിലുള്ളവരുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും സങ്കീർണതകളിലുമൊക്കെ പങ്കാളിയാണ്. മൂന്നര ഏക്കർ വിസ്തൃതിയുള്ള വലിയൊരു ചിറയും പച്ചപുൽ മൈതാനവും അൻസാരി പാർക്കും വലിയ മരങ്ങളും ചെങ്കൽ മതിലുകളും വിള്ളക്കു കാലുകളും കാലപ്രവാഹമെന്ന ശില്പവുമെല്ലാമാണ് കാൽ നൂറ്റാണ്ട് പ്രായമുള്ള മാനാഞ്ചിറയെ ശ്രദ്ധേയമാക്കുന്നു.
14ാം നൂറ്റാണ്ടിൽ സാമൂതിരി രാജാവായിരുന്ന രാജമാന വിക്രമാണ് ഈ ചിറ പണി കഴിപ്പിക്കുന്നത്. പിന്നീട് 19ാം നൂറ്റാണ്ടിൽ ചിറയെ കുടിവെള്ള ആവശ്യത്തിനായി മാറ്റി. ഈ ചരിത്രത്തിന് സാക്ഷിയായ മാനാഞ്ചിറ മൈതാനം തൊണ്ണൂറുകളിലാണ് മാനാഞ്ചിറ സ്‌ക്വയർ എന്ന പേരിൽ തടാകത്തിന് ചുറ്റും ഒരു പാർക്കായി മാറിയത്. അന്നത്തെ കോഴിക്കോട് കളക്ടർ ആയിരുന്ന അമിതാബ് കാന്തിന്റെ ദൃഢനിശ്ചയവും ആർ. കെ രമേശ്, എൻ. എം. സലീം എന്നിവരുടെ വാസ്തുകലാ വിരുതുമാണ് മാനാഞ്ചിറ സ്‌ക്വയർ യഥാർഥ്യമാക്കിയത്. ശക്തമായ എതിർപ്പുകളെ അതിജീവിച്ചാണ് മാനാഞ്ചിറ സ്‌ക്വയർ നിലവിൽ വന്നത്. അന്നുതൊട്ട് ഇന്നുവരെ ഇത് കോഴിക്കോടിന്റെ അടയാളമായി മാറി.