പ്രതികാര നടപടിയെന്ന് ശിവദാസൻ നായർ
കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വിജി മുപ്രമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ശിവദാസൻ നായർക്കെതിരെ കുന്ദമംഗലം പോലീസിൽ പരാതി നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായ ശിവദാസൻ നായർ വിജിമുപ്രമ്മൽ പ്രസിഡൻറായി അധികാരമേറ്റെടുത്തത് മുതൽ ലൈംഗിക ചുവയോടെ സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ജാതി പേർ വിളിച്ച് അപമാനിക്കുകയും ചെയ്തിരുന്നതായാണ് കുന്ദമംഗലം സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. അടുത്ത ദിവസം സംസ്ഥാന പട്ടിക ജാതി ക്ഷേമ കമ്മീഷനും, കേന്ദ്ര പട്ടിക ജാതി കമ്മീഷനും പരാതി നൽകുമെന്ന് വിജി മുപ്രമ്മൽ പറഞ്ഞു. ശിവദാസൻനായർ നിരന്തരം ശല്യം ചെയ്യുന്നതായി കാണിച്ച് കഴിഞ്ഞ മാസം 25 ന് ജില്ലാ കോൺഗ്രസ് കമ്മറ്റിക്ക് വിജി പരാതി നൽകിയിരുന്നെന്നും ഇവർ പറഞ്ഞു. പാർട്ടി നേതൃത്വം ശിവദാസൻ നായരുമായി സംസാരിച്ച് പരിഹാരം കാണാൻ ശ്രമം നടത്തുന്നതിനിടയിലാണ് ശിവദാസൻ നായർ ചൊവ്വാഴ്ച എൽ.ഡി.എഫ് അംഗങ്ങൾക്കൊപ്പം ചേർന്ന് പ്രസിഡൻറിനെതിരെ അവിശ്വാസത്തിന് കത്ത് നൽകിയത്. എന്നാൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രസിഡൻറിനെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകിയതിൻെറ പ്രതികാര നടപടിയാണ് വിജി മുപ്രമ്മലിൻെറ പരാതിയെന്ന് ശിവദാസൻ നായർ പറഞ്ഞു. 19 അംഗങ്ങളുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 9 സീറ്റ് വീതവും ജെഡിയുവിന് 1 സീറ്റുമാണുള്ളത്. ഇരു മുന്നണികൾക്കും തുല്യ സീറ്റുകളായത് കൊണ്ട് ആരു ഭരിക്കണമെന്ന് തീരുമാനിക്കാൻ കഴിയുന്ന ഏക സീറ്റ് നേരത്തെ യുഡിഎഫിനോടൊപ്പമുണ്ടായിരുന്ന ജെഡിയുവിനായിരുന്നു. ജെഡിയു പാർട്ടി എൽഡിഎഫ് മുന്നണിയിൽ ചേർന്നിരുന്നെങ്കിലും ശിവദാസൻ നായർ യുഡിഎഫിൽ തന്നെ തുടരുകയും ബ്ലോക്ക് വൈസ് പ്രസിഡൻറ് സ്ഥാനം വഹിക്കുകയുമായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി വിജിമുപ്രമ്മലിലാണ് പ്രസിഡൻറ്. നേരത്തെ പ്രസിഡൻറായിരുന്ന രമ്യ ഹരിദാസ് എം.പിയായതോടെ രാജി വെച്ച ഒഴിവിലാണ് കോൺഗ്രസ്സിലെ വിജിമുപ്രമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മലിനെ അപമാനിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു എന്ന ആരോപണത്തില്‍ യുഡിഎഫ് വനിത വിഭാഗം കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി. ബിന്ദു പെരിങ്ങളം, ത്രിപുരി പൂളോറ, ഷൈജവളപ്പിൽ,ഷമീന വെള്ളക്കാട്ട്, സുബിത തോട്ടാഞ്ചേരി, രജനി തടത്തില്‍, റംല, സുഹറ സലാം, നസീബ റായ്, വത്സല ആമ്പ്ര, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.