കോഴിക്കോട്: വാളയാർ സംഭവം ഒരു പ്രശ്നമല്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ യോഗത്തിൽ ഇടത് മുന്നണി കൗൺസിലർമാർ. വാളയാറില്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ട സാഹചര്യത്തില്‍ കേസിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവന്ന് പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഉന്നതതല അന്വേഷണം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നാണ് യു ഡി എഫിലെ പി. ഉഷാദേവി ആവശ്യപ്പെട്ടത്. എന്നാല്‍ ഇടത് മുന്നണി കൗൺസിലർമാർ ഈ പ്രമേയത്തെ എതിർക്കുകയാണണ് ചെയ്തത്. ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നും അത്കൊണ്ട് ഈ പ്രമേയത്തിന് പ്രസക്തി ഇല്ലെന്നും ഇടതു കൗണ്‍സിലര്‍മാര്‍ വാദിച്ചു. ഇതോടെ പ്രമേയം വോട്ടിനിടാമെന്ന് മേയര്‍ അറിയിച്ചു. ബിജെപി അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചെങ്കിലും വോട്ടിംഗിൽ പരാജയപ്പെട്ടു.
പ്രമേയം വോട്ടിനിടുന്നതിനിടെ സി പി എം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.വി. ബാബുരാജിനോട് സംസാരിക്കാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. ഇതോടെ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എണീറ്റു. തങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കണമെന്നായി. എന്നാല്‍ നേരത്തെ നിശ്ചയിച്ചപ്രകാരം സംസാരിച്ചു കഴിഞ്ഞതായും കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്നും മേയര്‍ പറഞ്ഞു. ഇതോടെ യു ഡി എഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഒടുവിൽ ഇറങ്ങിപ്പോവുകയും ചെയ്തു.