സുൽത്താൻ ബത്തേരി : കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന രണ്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്‌സൈസ് അധികൃതർ മുത്തങ്ങയിൽ വെച്ച് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് 4600 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശികളായ ഇനാമുൾ ഹുസൈൻ (28) അബുബക്കർ സിദ്ദിഖ് (44) എന്നിവരെ അറസ്റ്റ് ചെയ്തു.
കെ.എസ്.ആർ.ടി.സിയുടെ സ്‌കാനിയ ബസിൽ കർണാടകയിൽ നിന്ന് കടത്തികൊണ്ടുവരുകയായിരുന്നു 57 കിലോഗ്രാം വരുന്ന പുകയില ഉൽപ്പന്നങ്ങൾ. ചില്ലറ വിപണിയിൽ രണ്ട് ലക്ഷത്തിൽപ്പരം രൂപ വില വരും.
പെരുമ്പാവൂരിൽ ചില്ലറ വിൽപ്പനയ്ക്ക് കൊണ്ടുപോകുന്നതാണെന്ന് ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചതായി അധികൃതർ പറഞ്ഞു. പ്രതികളെയും സാധനങ്ങളും ബത്തേരി പൊലീസിന് കൈമാറി.
പരിശോധനയിൽ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എം.മജു, എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബൈജു, പ്രിവന്റീവ് ഓഫീസർമാരായ എം.കെ.ഗോപി, കെ.വി.ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.വി.രൻജിത്ത്, ജോഷി തുംബാനം എന്നിവർ പങ്കെടുത്തു.
പഴശ്ശിരാജ-ശ്രേയസ് അവാർഡുകൾ പ്രഖ്യാപിച്ചു
-പഴശ്ശിരാജ അവാർഡ് ശശിതരൂരിന്
-ജനമിത്ര അവാർഡ് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എക്ക്.
-കർഷക മിത്ര അവാർഡ് , പി.എം.ജോയി
നഗരമിത്ര അവാർഡ് ബത്തേരി നഗരസഭസഭക്ക്
ഗ്രാമ മിത്ര അവാർഡ് പൂതാടി പഞ്ചായത്തിന്
സുൽത്താൻ ബത്തേരി : മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ വിദ്യാഭ്യാസ സ്ഥാപനമായ പഴശ്ശിരാജ കോളേജിന്റെ പേരിൽ മാനേജ്‌മെന്റും പഴശ്ശി കുടുംബവും ഏർപ്പെടുത്തിയിരിക്കുന്ന പഴശി അവാർഡിന് ഡോ.ശശി തരൂർ എം.പി. അർഹനായതായി കത്തോലിക്ക സഭയുടെ ബസേലിയോസ് കർദിനാൾ ക്ലീമിസ് കത്തോലിക്ക ബാവയും രൂപതാദ്ധ്യക്ഷൻ ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭാരതത്തിന്റെ അഭിമാനമായി ഒരു വിശ്വപൗരന്റെ തലത്തിലേക്ക് ഉയർന്ന വ്യക്തിയാണ് ശശി തരൂർ. പതിനെട്ടൊളം പുസ്തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. പതിനാറിൽപ്പരം ദേശീയ അന്തർ ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ അണ്ടർ സെക്രട്ടറി ജനറലയും കേന്ദ്ര മന്ത്രിയായും സേവനം അനുഷ്ഠിച്ചു. രാഷ്ട്രീയ,സാമൂഹിക,സാംസ്‌ക്കാരിക, വിദ്യാഭ്യാസ സേവന രംഗങ്ങളിൽ അദ്ദേഹം കാഴ്ചവെച്ചിട്ടുള്ള അതുല്യസേവനങ്ങളെ പരിഗണിച്ചാണ് ശശി തരൂരിനെ അവാർഡിന് അർഹനാക്കിയത്.
സാമൂഹ്യ-രാഷ്ട്രീയ മേഖലകളിൽ ക്രീയത്മക സംഭാവനകൾ നൽകുന്നവർക്ക് ശ്രേയസ് നൽകുന്ന ജനമിത്ര അവാർഡിന് അർഹനായത് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ യാണ്.
കർഷക മിത്ര അവാർഡിന് കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം.ജോയി അർഹനായി. ശുചിത്വപൂർണവും സുന്ദരവും സുരക്ഷിതത്വവുമുള്ള നഗരസഭക്കുള്ള അവാർഡിന് ബത്തേരി നഗരസഭയെ തെരഞ്ഞെടുത്തു. ശുചിത്വ ആരോഗ്യമേഖലകളിൽ മാതൃകയായ പൂതാടി ഗ്രാമ പഞ്ചായത്തിന് ഗ്രാമമിത്ര അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടു.
ശ്രേയസ് ഡയറക്ടർ അഡ്വ. ഫാ.സെബാസ്റ്റ്യൻ ഇടയത്തിന് ബത്തേരി രൂപതയുടെ ശ്രേഷ്ഠപുരോഹിത പുരസ്‌ക്കാരം നൽകും . ദേശീയ പാത 766-ലെ യാത്ര നിരോധനവുമായി ബന്ധപ്പെട്ട് നിരാഹാരമനുഷ്ഠിച്ച സമരഭടൻമാരെ അവാർഡ്ദാന ചടങ്ങിൽ ആദരിക്കും.
അവാർഡ് ദാനം തിങ്കാളാഴ്ച രണ്ട് മണിക്ക് ബത്തേരി സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവൻ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവ നിർവ്വഹിക്കും.
യാത്രാ നിരോധനത്തിനെതിരെ
നിയമസഭ പ്രമേയം പാസാക്കി
സുൽത്താൻ ബത്തേരി: ദേശീയപാത 766-ലെ യാത്ര നിരോധനംപിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയമസഭയിൽ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി . ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശിന്ദ്രനാണ് ഇന്നലെ സഭയിൽ പ്രമേയം അവതരിപ്പിച്ചത്. നിലവിലുള്ള യാത്ര നിരോധനം നീക്കുവാനും ആവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും സഭ കേന്ദ്ര സർക്കാരിനോട് ഐകകണ്ഠ്യേന അവശ്യപ്പെട്ടു.
കേരളത്തെയും കർണാടകയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് എൻ.എച്ച്.766. 2009 മുതൽ ഈ പാതയിൽ രാത്രികാല ഗതാഗതം നിരോധിച്ചിരിക്കുകയാണ്. വന്യമൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് മനുഷ്യരുടെ യാത്ര സ്വതന്ത്ര്യവും സൗകര്യവും തടഞ്ഞത്.ഇതുമൂലം വയനാട് ജില്ലയിലെ ബത്തേരി താലൂക്കിലുള്ള ജനങ്ങൾക്ക് ഗുണ്ടൽപേട്ട, മൈസൂർ,ബാംഗ്ലൂർ എന്നിവിടങ്ങിളിലേക്ക് യാത്ര പോകണമെങ്കിൽ നൂറ് കിലോമീറ്ററിലധികം യാത്ര ചെയ്യണം. ഗുണ്ടൽപേട്ട, നഞ്ചൻഗോഡ് കൊല്ലഗൽ മേഖലകളിൽ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളാണ് വയനാട്,കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ജോലിചെയ്യുന്നത്. കേരളത്തിൽ നിന്നും കർണാടകയിലേക്കും തിരിച്ചും നിരവധി സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പ്രധാന പാതയാണ് 766. റെയിൽ ഗതാഗതമോ, ജലഗതാഗതമോ, വ്യോമഗതാഗതമോ ഇല്ലാത്ത വയനാട്ടിൽ എൻ.എച്ച.766 ജനങ്ങളുടെ നിലനിൽപ്പിനുള്ള പാതകൂടിയാണ്.
രാത്രികാല ഗതാഗതം നിലനിൽക്കുന്നതിനിടെയാണ് പാത പകൽകൂടി അടച്ച് സംസ്ഥാന ഹൈവേ 90-ഉം,275-ഉം വികസിപ്പിച്ച് എൻ.എച്ച് 766 ന് ബദൽ പാദയായി ഉപയോഗിച്ചുകൂടെയെന്ന് സുപ്രീംകോടതി ആരായുകയുണ്ടായി. പാത പകൽ അടയ്ക്കുമെന്ന ആശങ്ക വയനാട്ടിലെ ജനങ്ങളുടെ ഇടയിൽ ഉണ്ടായതോടെ വൻ പ്രതിഷേധവുമായി തെരുവിലിറങ്ങുകയുണ്ടായി.കേരളത്തിന്റെ അഭിപ്രായം മുഖ്യമന്ത്രി കേന്ദ്ര മന്ത്രിമാരുമായി പങ്കുവെക്കുകയും ചെയ്തു. കേരളത്തിന്റെ നിർദ്ദേശങ്ങൾ പരിശോധിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയമിക്കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ പ്രസ്തുത സമിതി രൂപീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് വയനാട്ടിലെയും മലബാറിലേയും ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം ഉറപ്പ് വരുത്താനും നിലവിലുള്ള യാത്ര നിരോധനം നീക്കുവാനും ആവശ്യമായ നടപടി കേന്ദ്ര ഗവ. സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയമസഭയിൽ ഗതാഗത വകുപ്പ് മന്ത്രി പ്രമേയം അവതരിപ്പിച്ചത്.