മെഡിക്കൽ കോളേജ് : തുടർച്ചയായ രണ്ടാം ദിവസവും വെള്ളമില്ലാതെ മെഡിക്കൽ കോളേജ്. കൂളിമാട് നിന്നും നഗരത്തിലേക്കുള്ള ജല വിതരണം പൂവാട്ടുപറമ്പ് അങ്ങാടിക്ക് സമീപം പൊട്ടിയതിനെതുടർന്നാണ് മെഡിക്കൽ കോളേജിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടത്. ആദ്യത്തെ ദിവസം രാവിലെ ആശുപത്രിയിൽ സ്റ്റോക്ക് ഉണ്ടായിരുന്ന വെള്ളം ഉപയോഗിച്ചെങ്കിലും ഉച്ചയോടെ അതും തീരുകയായിരുന്നു. പല വാർഡുകളിലും വെള്ളം കിട്ടാതായതോടെ രോഗികൾ ബഹളം വെച്ചതിനെതുടർന്ന് തുടർന്ന് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചു നൽകുകയായിരുന്നു. കൂടാതെ വലിയ ടാങ്കറിൽ വെള്ളമെത്തിച്ചു ആശുപത്രിയിലെ പ്രധാന ടാങ്കിൽ നിറക്കുകയും ചെയ്തു. പൊട്ടിയ പൈപ്പ് നന്നാക്കാനുള്ള പ്രവർത്തനങ്ങൾ ബുധനാഴ്ച ആരംഭിച്ചെങ്കിലും പമ്പിങ് തുടങ്ങിയില്ല. ഇത് മൂലം ഇന്നലെയും ആശുപത്രിയിൽ വെള്ളമില്ലാത്ത അവസ്ഥയായിരുന്നു. വാർഡുകളിൽ പലതിലും വെള്ളമില്ലാത്തതിനാൽ രോഗികൾക്ക് അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ സാധിക്കാത്ത സാഹചര്യമായിരുന്നു.