പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് ക്ഷീര വികസന ഓഫീസ് മുഖേന ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ ക്ഷീരഗ്രാമം പദ്ധതിയിൽ ക്രമക്കേടും അഴിമതിയും നടന്നതിനാൽ വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറി കെ.കെ. രജിഷ് ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ ക്ഷീരസംഘ ഭരണ സമിതികളും, പേരാമ്പ്ര ബ്ലോക്ക് ക്ഷീരവികസന ഓഫീസും നടത്തിയ ശുദ്ധമായ തട്ടിപ്പാണിത്. സബ്‌സിഡി ഇനത്തിൽ നൽകിയ പശുക്കളെ അർഹതപ്പെട്ട കർഷകർക്ക് നൽകാതെ തങ്ങളുടെ സ്വന്തക്കാർക്ക് നൽകുകയായിരുന്നു. സബ്‌സഡി തുക ലഭിച്ചതിനു ശേഷം ഇതിൽ ഭൂരിഭാഗം പശുക്കളെയും ഇപ്പോൾ ഇവർ വിറ്റു കളയുകയായിരുന്നു. മൂന്ന് ലക്ഷത്തിലധികം രൂപ സബ്‌സഡി ഇനത്തിൽ കൈക്കലാക്കിയവരുണ്ട്. 50 ലക്ഷം രൂപയോളം നൽകിയ പദ്ധതിയാണിത്. പാൽ ഉൽപ്പാദനം രണ്ടിരട്ടി വർദ്ധിപ്പിക്കാനും ഉദേശിച്ച പദ്ധതി പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്. നിലവിൽ പശുവിനെ നൽകിയ കണക്കിൽ 4000 ലിറ്ററോളം പാൽ ഉൽപ്പാദനം നടക്കണം എന്നാൽ നിലവിൽ ഇതിന്റെ മുന്നിലൊന്നു പോലും നിലവിലില്ല. പശുക്കളെ പരിശോധിക്കാൻ മറ്റ് ഉദ്യോഗസ്ഥർ സന്ദർശിക്കാൻ വരുന്നത് മുൻകുട്ടി ഇവർക്ക് വിവരം ലഭിക്കുന്നതിനാൽ തൊട്ടടുത്ത വീട്ടിലെ പശുക്കളെ ഇവരുടെ തൊഴുത്തിലെത്തിച്ച് ഉദ്യോഗസഥരെയും കബളിപ്പിക്കുകയാണ്. തൊട്ടടുത്ത ബ്ലോക്ക് പരിധിയിൽ നിന്ന് പശുക്കളെ വാങ്ങാമെന്നിരിക്കെ തമിഴ്‌നാട് ലോബിയും ബ്ലോക്ക് ക്ഷിര വികസന ഉദ്യോഗസ്ഥരും ക്ഷീര സംഘംങ്ങളും ചേർന്ന് തമിഴ്‌നാട്ടിൽ നിന്ന് പശുക്കളെ എത്തിക്കുന്നത്. യാതൊരു ശാസ്ത്രിയ പരിശോധനയും നടത്താതെ വാങ്ങുന്ന പശുക്കൾ പലപ്പോഴും കർഷകർക്ക് ദുരിതമാവുന്ന കാഴ്ചയാണ്. ക്ഷീര വികസന ഓഫീസറടക്കം ഉദ്യോഗസ്ഥർ ആഴ്ചകളോളം തമിഴ്‌നാട്ടിൽ തങ്ങിയാണ് പശുക്കളെ സംഘടിപ്പിക്കുന്നത്. തമിഴ് നാട്ടിൻ നിന്ന് പശുക്കളെ എത്തിക്കുന്നതിൽ കമ്മിഷൻ കൈപ്പറ്റുന്ന ഉദ്യോഗസ് സ്ഥർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും രജിഷ് ആവശ്യപ്പെട്ടു.