കുന്ദമംഗലം: ആൾ കേരള നൃത്ത നാടക അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏഴു ദിവസം നീളുന്ന ജില്ലാ നൃത്തനാടകമേളയ്ക്ക് നാളെ കുന്ദമംഗലത്ത് തുടക്കമാവും. കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ കെ.ജി.ഹർഷൻ നഗറിലാണ് നാടകങ്ങൾ അരങ്ങേറുക. നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് വിൽസൺ സാമുവൽ മേള ഉദ്ഘാടനം ചെയ്യും.
ദിവസവും രാത്രി ഏഴു മണിക്കാണ് നാടകം. പ്രവേശനം സൗജന്യമായിരിക്കും. 11ന് കോഴിക്കോട് ഡ്രാമ വിഷന്റെ 'രൗദ്രം', 12ന് നവരസ കലാക്ഷേത്രയുടെ 'പൊന്നാപുരം കോട്ട', 13ന് കോഴിക്കോട് കരാളിക കലാക്ഷേത്രയുടെ 'സ്യമന്തകം', 14ന് കോഴിക്കോട് നാട്യാലയുടെ 'ദേവപ്രസാദം', 15ന് കെ.ജി.ക്രിയേഷൻസിന്റെ 'ശ്രീരാമരാജ്യം', 16ന് കോഴിക്കോട് കളിയരങ്ങിന്റെ 'രാവണൻ', 17ന് സമാപനദിവസം കാദംബരി കലാക്ഷേത്രയുടെ 'യക്ഷനാരി' എന്നീ ഏഴു പുരാണ നൃത്തനാടകങ്ങളാണ് മേളയിൽ അവതരിപ്പിക്കുക. അതിനൂതന സാങ്കേതികവിദ്യകൾ സന്നിവേശിപ്പിച്ചാണ് അവതരണമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദിവസവും സാംസ്കാരികസദസ് ഒരുക്കുന്നുണ്ട്. 16 ന് നാടകപ്രവർത്തകരുമായുള്ള സ്കൂൾ കുട്ടികളുടെ മുഖാമുഖവുമുണ്ടാവും.
വാർത്താസമ്മേളനത്തിൽ ചൂലൂർ ഗോപാലകൃഷ്ണൻ, ബാബുജി കുന്ദമംഗലം, ഷജിൽ സിന്ധു, വിനോദ് പിലാശ്ശേരി, ലാൽ കുന്ദമംഗലം എന്നിവർ സംബന്ധിച്ചു.