കൽപ്പറ്റ: ജില്ലാ സ്‌കൂൾ കലോത്സവം നാളെ പടിഞ്ഞാറത്തറയിൽ തുടങ്ങും. മേളയുടെ വിജയകരമായ നടത്തിപ്പിനുള്ള മുഴുവൻ സജ്ജീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി സംഘാടക സമിതി വർക്കിംഗ് ചെയർപേഴ്സൻ കെ.ബി നസീമ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

11, 12 തീയതികളിൽ സ്‌റ്റേജിതര മത്സരങ്ങളാണ്. കെട്ടിലും മട്ടിലും ഹരിതാഭമായി നടത്തുന്ന മേളയുടെ ഔപചാരിക ഉദ്ഘാടനം 13ന് രാവിലെ 10ന് സി.കെ ശശീന്ദ്രൻ എം.എൽ.എ നിർവഹിക്കും. 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര പതാക ഉയർത്തും. ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല മുഖ്യാഥിതിയാവും. വയനാട് എം.പി രാഹുൽ ഗാന്ധിയുടെ സന്ദേശം ചടങ്ങിൽ വായിക്കും.

സമാപനം 15ന് വൈകിട്ട് നാലിന് ഒ.ആർ കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ സമ്മാന വിതരണം നടത്തും. സമാപന സമ്മേളനത്തിൽ വയനാട് സബ് കലക്ടർ വികൽപ് ഭരദ്വാജ് മുഖ്യാഥിതിയാവും.

297 ഇനങ്ങളിൽ ജില്ലയിലെ 228 വിദ്യാലയങ്ങളിലെ മൂവായിരത്തോളം കുട്ടികൾ മാറ്റുരയ്ക്കും. 10 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. രാഷ്ട്രപിതാവിന്റെ 150ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് മഹാത്മജിയുടെ ഓർമകളുണർത്തുന്ന പേരുകളാണ് വേദികൾക്ക് നൽകിയത്. സബർമതി, മഹാത്മ, കീർത്തിമന്ദിർ, നവജീവൻ, ചമ്പാരൻ, സ്വരാജ്, നവഖാലി, വാർധ, സേവാഗ്രാം, സർവോദയ എന്നീ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്.

മേളയുടെ വിവരങ്ങളുമായി പടിഞ്ഞാറത്തറ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്രിയേറ്റീവ് ക്ലബ് അംഗങ്ങൾ നിർമിച്ച കലോത്സവ ബ്ലോഗ് പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ ലിറ്റിൽ കൈറ്റ്സ് ക്ലബിലെ അംഗങ്ങൾ മത്സരങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്യാനും ഫലങ്ങൾ പ്രസിദ്ധീകരിക്കാനുമായി സജ്ജരായിട്ടുണ്ട്.

കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി കലോത്സവ നഗരിയിലേക്കുള്ള പാതകളിലെ സ്‌കൂളുകൾക്ക് 'വീഥിയൊരുക്കാം' എന്ന പേരിൽ കുടിൽകെട്ടി അലങ്കരിക്കൽ മത്സരം സംഘടിപ്പിച്ചിരുന്നു. പടിഞ്ഞാറത്തറയിലേക്കുള്ള എല്ലാ വഴികളിലേയും സ്‌കൂളുകൾ ഇതിൽ പങ്കാളികളായി. 11ന് പടിഞ്ഞാറത്തറയിൽ നടക്കുന്ന വിളംബര ജാഥയോടെ കലാമേളയ്ക്ക് കൊടിയേറും. ഇതിന് ശേഷം കലവറ നിറയ്ക്കൽ, പാലുകാച്ചൽ, മീഡിയാ റൂം ഉദ്ഘാടനം എന്നിവയും നടക്കും.

ഇന്നലെ പന്തലിന്റെ കാൽനാട്ട് കർമ്മം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരൻ നിർവഹിച്ചു. ആദ്യമായി പടിഞ്ഞാറത്തറയിലെത്തുന്ന കലാമേളയെ സംഘാടന മികവ് കൊണ്ടും ഹരിതാഭ കൊണ്ടും കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്തംഗങ്ങളായ വർഗീസ് മുരിയൻകാവിൽ, പി ഇസ്മയിൽ, പടിഞ്ഞാറത്തറ പഞ്ചവയത്തംഗം കെ ഹാരിസ്, നജീബ് മണ്ണാൻ, വി.പി അശോകൻ, പടിഞ്ഞാറത്ത സ്‌കൂൾ പ്രിൻസിപ്പൽ ടി.ജെ പുഷ്പവല്ലി, പി ബിജുകുമാർ, പി.വി സുമേഷ് എന്നിവർ പറഞ്ഞു.