കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ പുതുപ്പാടി പഞ്ചായത്ത് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സ്, കംഫര്‍ട് സ്റ്റേഷന്‍ ഉദ്ഘാടനവും വനിതാ വിപണന കേന്ദ്രത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു.
അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും വീട് ലഭ്യമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയധികം കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കിയിട്ടുള്ള ഒരു കാലഘട്ടം വേറെയുണ്ടായിട്ടില്ല. ജീവിതത്തിന് സുരക്ഷിതത്വം ലഭിക്കണമെങ്കില്‍ നല്ല ചികിത്സ മാത്രം പോര മറിച്ച് രോഗം വരാത്ത ഒരു സാഹചര്യം കൂടിവേണം. ഇതിന് വിഷര ഹിതമായ ഭക്ഷണവും ശുദ്ധജലവും കിട്ടണം. ഇതിനാണ് ജൈകൃഷി പ്രോത്സാഹിപ്പിക്കുന്നതും ജലസ്രോതസുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. കുട്ടികള്‍ക്ക് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് ക്ലാസ്മുറികള്‍ ഹൈടെക്കാക്കി മാറ്റി. ഇതിനായി 2020 കോടിയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ എല്ലാ മേഖലകളിലൂടെയും വരുന്ന വികസന സാദ്ധ്യതകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന തരത്തിലുള്ള നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് അദ്ദേഹം പറഞ്ഞു.
53 ലക്ഷം ചെലവഴിച്ചാണ് ഈങ്ങാപ്പുഴ ബസ്സ്റ്റാന്റിനോട് ചേര്‍ന്ന് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിച്ചത്. 23 ലക്ഷമാണ് കംഫര്‍ട് സ്റ്റേഷന്‍ നിര്‍മ്മാണത്തിന് വിനിയോഗിച്ചത്. ഇതിനോട് ചേര്‍ന്നാണ് ഗ്രാമപഞ്ചായത്ത് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ച് വനിതാ വിപണന കേന്ദ്രം നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ ജോര്‍ജ് എം തോമസ് എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. എല്‍ എസ് ജി ഡി ഓവര്‍സിയര്‍ സജ്‌ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം എല്‍ എ സി മോയിന്‍കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, ഐ ബി റജി, എം ഇ ജലീല്‍, പഞ്ചായത്ത് അംഗം റീന ബഷീര്‍, പുതുപ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ് കെ സി വേലായുധന്‍, ടി എ മൊയ്തീന്‍, ഷാഫി വളഞ്ഞപാറ, വിജയന്‍ പുതുശേരി, അനന്തനാരായണന്‍, ജോര്‍ജ് മങ്ങാട്ടില്‍, ശിഹാബ് അടിവാരം, ടി കെ നാസര്‍, യൂസഫ് കോരങ്ങല്‍, ബി മൊയ്തീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാകേഷ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സുഭാഷ് കാപ്പില്‍ നന്ദിയും പറഞ്ഞു.