തമിഴ്നാടിനെ 6-0ത്തിന് തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ
കോഴിക്കോട്: രാജകീയ തിരിച്ചുവരവ്, സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരുഗോൾ പോലും നേടാതെ കഴിഞ്ഞ വർഷം നേയ്വേലിയിൽ നിന്ന് കണ്ണീരോടെ മടങ്ങിയ കേരളം ഇത്തവണ രണ്ട് കളികളിൽ 11 ഗോളുകൾ അടിച്ചുകൂട്ടി ഫൈനൽ റൗണ്ടിലേക്ക് മാർച്ച് ചെയ്തു.
ഇന്നലെ ഗ്രൂപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ തമിഴ്നാടിനെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ഉറപ്പാക്കിയത്. യോഗ്യതയ്ക്കായി സമനില മതിയായിരുന്ന കേരളം പക്ഷേ അയൽക്കാരായ തമിഴ്നാടിന് മേൽ ഗോൾമഴ ചൊരിഞ്ഞ് തന്നെ ഫൈനൽ റൗണ്ടിലേക്ക് ടിക്കറ്രെടുക്കുകയായിരുന്നു.
കേരളത്തിനായി സ്ട്രൈക്കർ എം.എസ്.ജിതിൻ ഇരട്ട ഗോൾ നേടിയപ്പോൾ പി.വി. വിഷ്ണു, ജിജോ ജോസഫ്, മൗസൂഫ് നൈസാൻ, എമിൽ ബെന്നി എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു.
24ാം മിനിട്ടിൽ വിഷ്ണുവാണ് ആദ്യ ഗോൾ നേടിയത്. തമിഴ്നാടിന്റെ മൂന്ന് പ്രതിരോധ നിരക്കാരെയും ഗോളി ദിനേഷ് ജെറോമിനെയും കബിളിപ്പിച്ച് ജിജോ നൽകിയ പാസിൽ നിന്നാണ് വിഷ്ണുവിന്റെ ഗോൾ പിറന്നത്.
33ാം മിനിട്ടിൽ ജിതിൻ രണ്ടാം ഗോൾ നേടി. പെനാൽറ്രി ബോക്സിന് പുറത്ത് നിന്ന് പന്തുമായി കുതിച്ച ജിതിൻ തമിഴ്നാടിന്റെ വല കുലുക്കി. 45ാം മിനിട്ടിലാണ് ജിതിന്റെ രണ്ടാം ഗോൾ. ഗ്രൗണ്ടിന്റെ മദ്ധ്യഭാഗത്ത് നിന്ന് പന്തുമായി മുന്നേറിയ ജിതിൻ മികച്ച സ്ട്രൈക്കിലൂടെ തന്റെ രണ്ടാമത്തേയും കേരളത്തിന്റെ മൂന്നാമത്തെയും ഗോൾ നേടി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന് മുന്നിലെത്താൻ കേരളത്തിനായി.
പകരക്കാനായി വന്ന മൗസൂഫ് നൈസാൻ 83ാം മിനിട്ടിൽ ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ കേരളത്തിന്റെ നാലാം ഗോൾ സ്കോർ ചെയ്തു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിട്ടിൽ ജിജോ ജോസഫ് തകർപ്പൻ ബാക്ക് ഹീൽ ഷോട്ടിലൂടെ ഗോൾ പട്ടിക അഞ്ചാക്കി. ഇടതുവിങ്ങിൽ നിന്ന് കുതിച്ച ജിജോയ്ക്ക് മുന്നിൽ തമിഴ്നാട് പ്രതിരോധ നിര നിഷ്പ്രഭമായി. കളി തീരാൻ സെക്കൻഡുകൾ ശേഷിക്കെയായിരുന്നു എമിൽ ബെന്നിയുടെ ഗോൾ.
രണ്ട് കളികളും ജയിച്ച കേരളം ആറ് പോയന്റോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി യോഗ്യത നേടി. മൂന്ന് പോയന്റ് നേടിയ തമിഴ്നാട് രണ്ടാമതും ഒരുകളിപോലും ജയിക്കാത്ത ആന്ധ്രാപ്രദേശ് മൂന്നാമതുമാണ്.
@ ഏറെ പ്രതീക്ഷിക്കാം ഈ ടീമിൽ
മിസോറാമിൽ നിന്ന് കപ്പെത്തിക്കാൻ കരുത്തുണ്ടെന്ന് തെളിയിക്കുതാണ് യോഗ്യതാ റൗണ്ടിലെ പ്രകടനം. മികച്ച ടീമിനെ ഒരുക്കാൻ കഴിഞ്ഞതിൽ കോച്ച് ബിനോ ജോർജിന് അഭിമാനിക്കാം. ആക്രമണ ഫുട്ബാളിന്റെ സൗന്ദര്യമായ 4-3-3 ശൈലിയിലാണ് കേരളം കളിക്കുന്നത്.
@ മദ്ധ്യനിര കരുത്ത്
മദ്ധ്യനിരയുടെ കരുത്തിലാണ് കേരളം തമിഴ്നാടിനെയും ആന്ധ്രപ്രദേശിനെയും തകർത്തത്. മദ്ധ്യനിരയിൽ പി. അഖിലും ജിജോ ജോസഫും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. റിഷിദത്തും സ്ട്രൈക്കർമാർക്ക് പന്തെത്തിച്ച് നൽകുന്നതിൽ വിജയിച്ചു.
@ ഗോളടി മേളം
11 ഗോളുകളാണ് രണ്ട് കളികളിൽ നിന്ന് കേരളം അടിച്ചു കൂട്ടിയത്. ഫസ്റ്റ് ഇലവനിൽ ഇടം നേടിയ ജിതിനും ലിയോൺ അഗസ്റ്റ്യനും പി.വി. വിഷ്ണുവും ഗോളുകൾ കണ്ടെത്തി. പകരക്കാരായി എമിൽ ബെന്നിയും മൗസൂഫ് നൈസാനും എൻ. ഷിഹാദും ഗോളുകൾ നേടി. രണ്ട് കളികളിൽ നിന്നായി മൂന്ന് ഗോൾ നേടിയ എമിലാണ് കേരളത്തിന്റെ ടോപ്പ് സ്കോറർ, ജിതിൻ രണ്ടു ഗോളുകൾ നേടി. പ്രതിരോധനിര താരം വിബിൻ തോമസും മദ്ധ്യനിര താരം ജിജോ ജോസഫുമാണ് മറ്റ് സ്കോറർമാർ.
@ പണിയില്ലാതെ പ്രതിരോധനിര
രണ്ട് കളികളിലും അജിൻ ടോം, ജി. സഞ്ജു, ശ്രീരാഗ്, വിബിൻ തോമസ് എന്നിവരങ്ങിയ പ്രതിരോധ നിരയ്ക്കും ഗോളിയും ക്യാപ്ടനുമായ വി. മിഥുനിനും കാര്യങ്ങൾ എളുപ്പമായിരുന്നു. വിങ്ങിലൂടെയുള്ള മികച്ച മുന്നേറ്റങ്ങളാണ് അജിൻ നടത്തിയത്.