നഷ്ടപരിഹാരം ഏക്കറിന് 4500 രൂപ
മാനന്തവാടി: കർഷകർക്ക് ദുരിതം വിതച്ച് കാട്ടാനകൾ കൃഷിയിടങ്ങളിലിറങ്ങി വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നു. വിളകൾ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാനും കാലതാമസം.
പതിനഞ്ചു ദിവസത്തിനു ശേഷം കൊയ്യേണ്ട രണ്ടര ഏക്കർ നെൽപാടമാണ് പനവല്ലി പോത്ത്മൂല കഴിഞ്ഞ രാത്രി കാട്ടാന നശിപ്പിച്ചത്. പ്രദേശത്തെ പി എൻ ഹരീന്ദ്രൻ, ബാലകൃഷ്ണൻ, ജയപ്രകാശ്, പ്രകാശ് എന്നിവരുടെ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്.
നിലവിലെ നഷ്ടപരിഹാര കണക്കിൽ എക്കറിന് കേവലം 4500 രൂപ മാത്രമാണ് കർഷകന് കിട്ടുക. അതും ഒരു വർഷത്തിനു ശേഷം. 960 അപേക്ഷകളിൽ കഴിഞ്ഞ ഒരു വർഷമായി നഷ്ട്ടപരിഹാരം നൽകാനുണ്ട്.
ഒരേക്കറിന് ഉൽപാദന ചെലവ് മാത്രം 30000 രൂപ വരും. നഷ്ട പരിഹാര തുക വർദ്ധിപ്പിക്കണമെന്ന കർഷകകരുടെ നിരന്തരമായ ആവശ്യം അധികൃതരിൽ നിന്ന് മറുപടിയൊന്നും ഉണ്ടാകുന്നുമില്ല.
2012 ലാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. 2014ൽ 10 ശതമാനം മാത്രം വർദ്ധിപ്പിച്ചതിനു ശേഷം ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആൾ നാശമുണ്ടായാൽ നൽകുന്ന നഷ്ടപരിഹാരം 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി വർദ്ധിപ്പിച്ചിട്ടുണ്ട്. വയനാട്ടിൽ ഏറ്റവും കൂടുതൽ നെൽപാടം ഉണ്ടായിരുന്നത് തിരുനെല്ലി പഞ്ചായത്തിൽ ആയിരുന്നു. വന്യമൃഗശല്യത്തെ തുടർന്ന് നെൽക്കൃഷിയിൽ നിന്ന് കർഷകർ ഇപ്പോൾ പിന്തിരിയുകയാണ്.
നെൽകൃഷി 40 ശതമാനം മാത്രം ആയി കുറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ വാഗ്ദാനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണ്.
വിളവെടുപ്പിന്റെ സമയത്ത് വനാതിർത്തിയിൽ ഉണ്ടായിരുന്ന വാച്ചർമാരെ ഫണ്ട് ഇല്ല എന്ന് പറഞ്ഞ് പിരിച്ച് വിടുന്നതും കർഷകന് തിരിച്ചടിയായി. കഴിഞ്ഞ പ്രളയത്തിൽ കൃഷി നശിച്ച് വീണ്ടും കൃഷി ഇറക്കിയ നിരവധി കർഷകരാണ് ആനശല്യത്തിൽ ദുരിതമനുഭവിക്കുന്നത്.