വടകര: കഴിഞ്ഞ ദിവസം കുന്ദംകുളത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ 118 പോയിന്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സംസ്ഥാനത്ത് ഓവറോളിൽ മൂന്നാം സ്ഥാനം നേടി. സംസ്ഥാന ശാസ്ത്രോത്സവത്തിൽ 1374 പോയിൻറ് നേടി കോഴിക്കോട് ജില്ല ഓവറോൾ കിരീടം നേടിയപ്പോൾ അതിൽ 118 പോയിന്റ് സംഭാവന ചെയ്യാൻ മേമുണ്ട എച്ച് എസ് എസ് ന് കഴിഞ്ഞു. ജില്ലാ ശാസ്ത്രോത്സവത്തിലും മേമുണ്ട എച്ച് എസ്എസിനായിരുന്നു ഓവറോൾ. മേമുണ്ടയിലെ 24 വിദ്യാർത്ഥികളാണ് സംസ്ഥാന ശാസ്ത്രോത്സവ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയത്. ഇതിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും, മൂന്ന് പേർക്ക് രണ്ടാം സ്ഥാനവും, ഒരാൾ മൂന്നാം സ്ഥാനവും നേടി. മേമുണ്ടയിലെ ഗണിതാദ്ധ്യാപകനായ കെ സന്തോഷ് സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ അദ്ധ്യാപകർക്കുള്ള ഗണിത പഠന സഹായി നിർമ്മാണ മത്സരത്തിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടി. ശാസ്ത്രോത്സവത്തിലെ വിവിധ മേളകളായ ശാസ്ത്രം, ഗണിതശാസ്ത്രം, പ്രവൃത്തി പരിചയം, സാമൂഹ്യശാസ്ത്രം, ഐ.ടി വിഭാഗങ്ങളിൽ മത്സരിച്ചാണ് വിദ്യാർത്ഥികൾ മേമുണ്ടയ്ക്ക് ഈ ചരിത്രനേട്ടം നേടിക്കൊടുത്തത്. ജൂൺ മാസം മുതൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ചിട്ടയായ പരിശീലനമാണ് വിദ്യാർത്ഥികളെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. കഴിഞ്ഞയാഴ്ച ചത്തീസ്ഘട്ടിൽ വച്ച് നടന്ന ദേശീയ ശാസ്ത്രമേളയിലും കേരളത്തെ പ്രതിനിധീകരിച്ച് മേമുണ്ടയിലെ ഗണിത പ്രതിഭയായ ജെ.ജെ ചാരുദത്ത് പങ്കെടുത്തിരുന്നു. മേമുണ്ടയിലെ ശാസ്ത്രോത്സവ പ്രതിഭകളെയും, അവരെ അതിന് പ്രാപ്തരാക്കിയ മേമുണ്ടയിലെ അദ്ധ്യാപകരെയും മേമുണ്ട സ്കൂൾ മാനേജ്മെന്റും പി.ടി.എ യും ചേർന്ന് അഭിനന്ദിച്ചു.