@ ഒരുങ്ങുന്നത് നഗരത്തിലെ എട്ടോളം പാർക്കുകൾ

@ കോർപ്പറേഷൻെറ 2016–17 വാർഷിക പദ്ധതിയനുസരിച്ചുള്ള നവീകരണ പ്രവൃത്തനങ്ങൾ

കോഴിക്കോട്: നഗരത്തിലെത്തുന്ന കുട്ടികൾക്കിനി ആധുനിക സൗകര്യങ്ങളോടു കൂടിയ പാർക്കുകളിൽ കളിച്ചുല്ലസിക്കാം. ഇവർക്കായി പുതുമോടി കൂട്ടി ഒരുങ്ങുന്നത് എട്ടോളം പാര്‍ക്കുകളാണ്. പുല്‍ത്തകിടികളും ഇരിപ്പിടങ്ങളും ഓപ്പണ്‍ എയര്‍ സ്റ്റേജുകളും കളിയുപകരണങ്ങളുമായാണ് പാര്‍ക്കുകള്‍ ഒരുങ്ങുന്നത്. കോർപ്പറേഷൻെറ 2016–17 വാർഷിക പദ്ധതിയനുസരിച്ചാണ് പാർക്കുകളിൽ സൗകര്യങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചത്. മൊത്തം നാല് കോടി രൂപയാണ് ചെലവിട്ടത്. നഗരത്തിലെ വിനോദമുഖമായ പാർക്കുകൾ പലതും അധികൃതരുടെ വേണ്ടത്ര ശ്രദ്ധയില്ലാത്തതു മൂലം നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതുമൂലം നഗരത്തിലെ പാർക്കുകൾ കുട്ടികളെ ആകർഷിക്കുകയല്ല അക​റ്റുകയാണ് പലപ്പോഴും ചെയ്യുന്നത്. പല പാര്‍ക്കുകളിലും ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ഇത്തരം പ്രശ്നങ്ങൾ നവീകരണത്തിലൂടെ പരിഹരിക്കാനാകുമെന്ന് നഗരാസൂത്രണ സമിതി അദ്ധ്യക്ഷന്‍ എം സി അനില്‍കുമാര്‍ പറഞ്ഞു.

പാർക്കുകൾ

മാനാഞ്ചിറ

എസ് കെ പാര്‍ക്ക്

ചെറുവണ്ണൂര്‍

മലാപ്പറമ്പ്

വെസ്റ്റിഹില്‍ ഗരുഡന്‍കുളം

തടമ്പാട്ടുതാഴം

എരവത്ത്കുന്ന്

എലത്തൂര്‍ ജെട്ടി

ചെറുവണ്ണൂര്‍, മലാപറമ്പ്, എസ് കെ പാര്‍ക്കിൻെറ പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. ചെറുവണ്ണൂര്‍ പാര്‍ക്കില്‍ കുട്ടികളുടെ കളിയുപകരണങ്ങളും പാര്‍ക്കിലെ അടിസ്ഥാന സൗകര്യങ്ങളുമാണ് സജ്ജീകരിക്കുന്നത്. എസ് കെ പാര്‍ക്കില്‍ പുല്‍ത്തകിടി, ഓപ്പണ്‍ എയര്‍‌സ്റ്റേജ്, നടപ്പാത തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

മലാപ്പറമ്പ് ബസ് സ്‌​റ്റോപ്പിന് പിന്നിലുള്ള പാർക്കിൻെറ പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. പെയിൻറിംഗാണ് ശേഷിക്കുന്നത്. നിലത്ത് കരിങ്കൽ കട്ടകൾ പതിച്ച്, അതിനിടയിലൂടെ പുല്ല് പാകിയ നടപ്പാതകളും താന്നി മരവും മാവും കൊന്നയും തീർക്കുന്ന തണലും പാർക്കിനെ ആകർഷകമാക്കുന്നു. ഇതിനോട് ചേർന്നുള്ള പഴയ ബസ് സ്‌​റ്റോപ്പ് മാ​റ്റി ബസ് ബേ നിർമ്മിക്കുന്നുമുണ്ട്. പാർക്കിൻെറ ഉദ്ഘാടനം ഉടനുണ്ടാവും.

എരവത്ത്കുന്നില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജിൻെറ പണിയാണ് പൂര്‍ത്തിയാക്കാനുള്ളത്. മാനാഞ്ചിറ കംഫര്‍ട്ട്‌സ്റ്റേഷനില്‍ മേല്‍ക്കൂരയുടേയും ഗെയിറ്റിൻെറയും പ്രവര്‍ത്തനങ്ങളാണ് ശേഷിക്കുന്നത്. ചെറുവണ്ണൂര്‍, മാനാഞ്ചിറ, എലത്തൂര്‍ പാര്‍ക്കുകളില്‍ പുതുതായി ടോയ്‌ലറ്റ് സൗകര്യവും ഒരുക്കുന്നുണ്ട്. ശേഷിക്കുന്ന പാര്‍ക്കുകലുടെ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറോടെ പാര്‍ക്കുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തികരിച്ച് ഉദ്ഘാടനത്തിന് തയ്യാറാകുമെന്നും എം സി അനില്‍കുമാര്‍ പറഞ്ഞു.