കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട പ്രവർത്തകർക്കെതിരെ സി.പി.എം നടപടി എടുക്കാത്തത് ദുരൂഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട്ട് അറസ്റ്റിലായ രണ്ട് സി.പി.എം ബ്രാഞ്ച് അംഗങ്ങളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കണം. ഇരുവരെയും തള്ളിപ്പറയാനോ പാർട്ടിയിൽ നിന്ന് പുറത്താക്കാനോ സി.പി.എം നേതൃത്വം തയ്യാറാവാത്തത് ദുരൂഹതയാണെന്ന് അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകൾക്ക് പ്രവർത്തന സ്വാതന്ത്ര്യമുള്ള പാർട്ടിയാണോ എന്ന് അവർ വ്യക്തമാക്കണം. ഇത് സി.പി.എമ്മിന്റെ പാർട്ടികാര്യമല്ല. രാജ്യദ്രോഹക്കുറ്റമാണ് ഇരുവർക്കുമെതിരെ ഉള്ളത്. സിപിഎം ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തലുകൾ സി.പി.എം നേതൃത്വം ശരിവെക്കുന്നില്ലെങ്കിൽ പിണറായി വിജയനെ അംഗീകരിക്കുന്നില്ലെന്നാണ് മനസിലാക്കേണ്ടത്. സി.പി.എം യുവനേതൃത്വം ഒളിഞ്ഞും തെളിഞ്ഞും മാവോവാദി, മതതീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുന്നുണ്ടെന്നത് സംബന്ധിച്ച് നിരവധി വാർത്തകൾ വന്നിട്ടുണ്ട്. മാവോവാദികളെ വളർത്തിയതിൽ സംസ്ഥാന സർക്കാറിന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ഏജൻസികളിൽ നിന്ന് നിരന്തരം മുന്നറിയിപ്പ് കിട്ടിയിട്ടും സംസ്ഥാന സർക്കാർ അത് അവഗണിച്ചെന്ന് എം.ടി. രമേശ് പറഞ്ഞു.