കുറ്റ്യാടി: നമസ്ക്കാരം, അച്ഛാച്ഛനല്ലേ, അച്ഛാച്ഛന് സുഖാണോ? ഞാൻ കുഞ്ഞുവാണ്.

ഐഡിയൽ പബ്ലിക് സ്കൂളിലെ ഒരു മൂന്നാം ക്ലാസ് വിദ്യാർത്ഥി തൻെറ അച്ഛൻെറ അച്ഛന് അയച്ച കത്താണിത്. കുറ്റ്യാടി തപാൽ ഓഫീസിൽ സന്ദർശനം നടത്തിയ സ്കൂളിലെ മൂന്നാം ക്ലാസിലെ എല്ലാ കുട്ടികളും തങ്ങളുടെ ബന്ധുക്കൾക്ക് കത്തുകൾ അയച്ചു. കത്തുകൾ അയക്കേണ്ട രീതികളെക്കുറിച്ചും, കത്തുകൾ തരം തിരിച്ച് ഓരോ സ്ഥലങ്ങളിൽ എത്തിക്കുന്നതിനെക്കുറിച്ചും, തപാൽ ഓഫീസർമാരിൽ നിന്നും ഏറെ കൗതുകത്തോടെ കേട്ട ശേഷമായിരുന്നു കുരുന്നുകൾ പണി തുടങ്ങിയത്. അവർ തന്നെ സ്റ്റാമ്പുകളും ,കവറുകളും വാങ്ങിയാണ് ബന്ധുകൾക്ക് കത്തുകൾ അയച്ചത്. കത്തുകിട്ടി കഴിഞ്ഞാൽ മാമൻ ഞെട്ടുമെന്നാണ് കൂട്ടത്തിലൊരു വിരുതൻ പറഞ്ഞത്. പഴമയിലെ ഏറ്റവും പ്രധാനമായ തപാൽ സംവിധാനത്തിലെ വിശേഷങ്ങൾ കുട്ടികളിൽ ആശ്ചര്യമുണ്ടാക്കി. പുതിയ സൈബർ യുഗത്തിൽ ജീവിക്കുന്ന ആധുനിക സമൂഹം നമ്മുടെ തപാൽ രംഗത്തെ പൂർണ്ണമായുംഅവഗണിക്കുന്ന അവസ്ഥയിൽപിഞ്ചു കുട്ടികളുടെ തപാൽ ആപ്പീസ് സന്ദർശനം ഏറെ ശ്രദ്ധേയമായി മാറിയെന്ന് ഉദ്യോഗസ്ഥൻമാർ പറഞ്ഞു. വിദ്യാർത്ഥികൾക്കൊപ്പം സുധ.വി, റസിയ പ്രകാശൻ, സബീഷ് തൊട്ടിൽപ്പാലം എന്നിവർ എത്തിയിരുന്നു.