josephine-

കോഴിക്കോട് : 'വർത്തമാനകാലവും സ്ത്രീസമൂഹവും' എന്ന വിഷയത്തിൽ വനിതാ കമ്മിഷൻ ഒരുക്കിയ സംസ്ഥാനതല സെമിനാറിന് സദസ്സിലുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. ഏറെ നേരം കാത്തിരുന്നിട്ടും കേൾക്കാനാളില്ലെന്നായപ്പോൾ കമ്മിഷൻ അദ്ധ്യക്ഷ എം.സി. ജോസഫൈന് അമർഷം ഒതുക്കാനായില്ല. സംഘാടകർക്കു നേരെ അവർ രോഷമത്രയും ചൊരിഞ്ഞു.

നളന്ദ ഓഡി​റ്റോറിയത്തിൽ സെമിനാർ തുടങ്ങാൻ നിശ്ചയിച്ചിരുന്നത് രാവിലെ 9.30 നാണ്. ഹാളിൽ സദസ്സിലാരുമില്ലെന്ന് അറിഞ്ഞാകാം, ജോസഫൈൻ ഉദ്ഘാടനത്തിന് എത്തിയത് 11. 20 നായിരുന്നു. ആ സമയത്തും സംഘാടകരും മാദ്ധ്യമപ്രവർത്തകരുമൊഴിച്ചു നിറുത്തിയാൽ ശ്രോതാക്കളായുണ്ടായിരുന്നത് വിരലിലെണ്ണാവുന്നവർ മാത്രം. കമ്മിഷൻ അദ്ധ്യക്ഷ സ്​റ്റേജിൽ കയറാതെ പിന്നെയും ഒരു മണിക്കൂറോളം ഇരുന്നു.

സംഘാടനത്തിൻെറ പിഴവാണിതെന്നു പറഞ്ഞ് ഇതിനിടയിൽ രണ്ടു മൂന്നു തവണയെങ്കിലും ജോസഫൈൻ സംഘാടകരോട് രോഷാകുലയായി. ഒടുവിൽ നിവൃത്തിയില്ലാതെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അവിടെയുണ്ടായിരുന്നവരെയെല്ലാം ഒരു ഭാഗത്തേക്ക് ഇരുത്തി പരിപാടി തുടങ്ങുകയായിരുന്നു.

സദസ്സ് സമ്പന്നമാക്കാൻ കുടുംബശ്രീയെ ചുമതല ഏല്പിച്ചതായിരുന്നു. പരിപാടിയുടെ ആസൂത്രണസമയത്ത് കുടുംബശ്രീയുടെ പ്രതിനിധികൾ ഇല്ലായിരുന്നുവെങ്കിലും പിന്നീട് ഇ മെയിൽ വഴി സി.ഡി.എസുമാരെ അറിയിച്ചതാണ്. ഇവർ കുടുംബശ്രീ അംഗങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. പക്ഷേ, ഫലമുണ്ടായില്ല.