uapa

കോഴിക്കോട്: യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം അംഗങ്ങളായ അലൻ ഷുഹൈബ് (20), താഹ ഫസൽ (24) എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ സമർപ്പിക്കുന്നതിന് അന്വേഷണസംഘം തിടുക്കം കൂട്ടില്ല. തെളിവുകൾ ശേഖരിക്കും മുമ്പ് കസ്റ്റഡിയിൽ ആവശ്യപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണ് പൊലീസ് ഇതുവരെയും കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ടെങ്കിലും അതെല്ലാം അവഗണിക്കാനാണ് തീരുമാനം.

അറസ്റ്റിലായ രണ്ടു പേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണസംഘം. മാവോയിസ്റ്റുകൾ പൊതുവെ അന്വേഷണത്തോട് സഹകരിക്കില്ലെന്നിരിക്കെ, വിശദമായി ചോദ്യം ചെയ്യുന്നത് തെളിവുകൾ നിരത്തി തന്നെയായിരിക്കണമെന്ന നിർബന്ധബുദ്ധിയോടെയാണ് പൊലീസിന്റെ നീക്കം.

അലന്റെയും താഹയുടെയും വീട്ടിൽ നിന്ന് കണ്ടെടുത്ത ലാപ് ടോപ്പുകളിൽ നിന്ന് കുറെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇവർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ഇതൊന്നും മതിയായ തെളിവുകളായി കാണില്ലെന്ന ബോദ്ധ്യമുണ്ട് അന്വേഷണ സംഘത്തിന്. ലാപ്‌ടോപ്പിൽ മാവോയിസ്റ്റ് ഭരണഘടന സൂക്ഷിക്കുന്നതുപോലും ഒരു കുറ്റമായി കോടതി അംഗീകരിക്കില്ല.

ഇവർ ആരെല്ലാമായി ബന്ധപ്പെട്ടു, ഇതിൽ മാവോയിസ്റ്റ് നേതാക്കളുണ്ടോ, ഇരുവർക്കും മാവോയിസ്റ്റ് കേന്ദ്രങ്ങളിൽ പരിശീലനം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം മുഖ്യമായും പരിശോധിക്കുന്നത്.

പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എപ്പോൾ അപേക്ഷ നൽകുമെന്ന് പറയാനാവില്ലെന്ന പ്രതികരണമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കോഴിക്കോട് സൗത്ത് അസി. കമ്മിഷണർ എ.ജെ. ബാബുവിന്റേത്. ഏതായാലും കൃത്യമായ തെളിവുകൾ ലഭിച്ച ശേഷമേ അപേക്ഷ നൽകൂ. കസ്റ്റഡി വൈകുന്നത് കേസ് അന്വേഷണത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.