ബാലുശ്ശേരി: അജ്ഞാത കോട്ടുധാരിയുടെ ആക്രമണം നടന്ന കിനാലൂരിൽ ഭയാശങ്കകൾ വിട്ടുമാറും മുമ്പെ ഇന്നലെ വീണ്ടും ആക്രമണം. കിനാലൂർ എസ്റ്റേറ്റ് പാടിയിൽ ഭാഗത്താണ് പുലർച്ചെ ആറു മണിയോടെ അജ്ഞാത കോട്ടുധാരിയായ യുവാവിന്റെ ആക്രമണമുണ്ടായത്.
പുലർച്ചെ യുവതി അടുക്കള ഭാഗത്തെത്തിയ ഉടനെ കോട്ടുധാരിയായ യുവാവ് പതിയിരുന്ന് യുവതിയെ ബലമായി പിടിക്കുകയും ഷാൾ കൊണ്ടും കയറു കൊണ്ടും ഗ്രില്ലിനോട് ചേർത്ത് കെട്ടിയിടുകയും ചെയ്തു.പേടിച്ച് നിലവിളിച്ച യുവതിയുടെ വായ് പൊത്തിപ്പിടിക്കാൻ ശ്രമിച്ച ആക്രമിയുടെ കൈക്ക് കടിച്ചതോടെ പിടിവിട്ട് യുവാവ് ഓടി മറയുകയായിരുന്നത്രെ.ഉടൻ നിലവിളി കേട്ട് ഓടിക്കൂടിയ പരിസരവാസികൾ എത്തിയാണ് കെട്ടഴിച്ച് യുവതിയെ രക്ഷപ്പെടുത്തിയത്. ഡ്രൈവറായ ഭർത്താവ് പുലർച്ചെ അഞ്ചരയോടെ ജോലിക്കു പോയ ശേഷമാണ് യുവതിക്ക് ആക്രമണമുണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ ബാലുശ്ശേരി പൊലീസ് യുവതിയിൽ നിന്ന് മൊഴിയെടുക്കുകയും തെളിവുകൾ ശേഖരിച്ച് കേസ്സെടുത്ത് അന്വേഷണമാരംഭിക്കുകയും ചെയ്തു.
കിനാലൂരിൽ ഇത് മൂന്നാം തവണയാണ് അജ്ഞാത കോട്ടുധാരിയുടെ ആക്രമണമുണ്ടാവുന്നത്. ഇക്കഴിഞ്ഞ 31 നും നവംബർ ഒന്നിനുമായി രണ്ടു വീടുകളിൽ ഇതേ കോട്ടുധാരി കയറുകയും ഒരു വീട്ടിൽ പുലർച്ചെ യുവതിയെ അക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സമാന സ്വഭാവമുള്ള സംഭവമാണ് ഇന്നലെ വീണ്ടും നടന്നത്. പൊലീസ് നേരത്തെയും കേസ്സെടുത്തിരുന്നെങ്കിലും അന്വേഷണം എവിടെയുമെത്തിയിരുന്നില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടത്താത്തതിനാലാണ് പുരുഷന്മാരില്ലാത്ത വീടുകൾ മാത്രം ലക്ഷ്യം വെച്ച് നടക്കുന്ന അജ്ഞാത ആക്രമണം തുടരുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
കിനാലൂർ വ്യവസായ സ്ഥാപനങ്ങളിലെയും വട്ടോളി, എകരൂൽ, എം എംപറമ്പ് ഭാഗങ്ങളിലുള്ള സിസിടിവികൾ പരിശോധിച്ചു വരികയാണെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കിനാലൂരിലെ അജ്ഞാത ആക്രമണം പെരുകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇന്ന് 11 ന് പഞ്ചായത്തോഫീസിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും യോഗം വിളിച്ചിരിക്കുകയാണ്.