കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറാനൊരുങ്ങി പയിമ്പ്ര ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ. സർക്കാർ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തിയാണ് വിദ്യാലയം നവീകരിക്കുന്നത്. രണ്ട് കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തിയാണ് നിലവിൽ നടക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് ക്രിസ്മസ് അവധിക്ക് മുമ്പ് ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. സ്‌കൂളിലെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ സ്‌കൂളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഡിസംബർ 15നകം പ്രവൃത്തി പൂർത്തീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അനുബന്ധ പ്രവർത്തികൾ ഘട്ടംഘട്ടമായി പൂർത്തീകരിക്കും. ആധുനിക സജ്ജീകരണങ്ങളോട് കൂടിയ അടുക്കള, ഹയർസെക്കന്ററി ലാബ്, എസ്.പി.സി റൂം, ഗ്രൗണ്ട് നവീകരണം തുടങ്ങിയ സൗകര്യങ്ങൾ കൂടെ ഉൾപ്പെടുത്താൻ പദ്ധതിരേഖ തയ്യാറാക്കി കിഫ്ബിയിലേക്ക് നൽകാനും യോഗത്തിൽ തീരുമാനമായി.

സർക്കാർ അനുവദിച്ച 5.1 കോടി രൂപയും എൽ.പി സെക്ഷൻ വികസനത്തിനായി എലത്തൂർ നിയോജകമണ്ഡലം എം.എൽ.എ കൂടിയായ മന്ത്രി എ.കെ ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 1881 വിദ്യാർത്ഥികളാണ് എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ഇവിടെ പഠിക്കുന്നത്.

കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അപ്പുക്കുട്ടൻ, ജില്ലാ പഞ്ചായത്ത് അംഗം താഴത്തിൽ ജുമൈലത്ത്, പയിമ്പ്ര സ്‌കൂൾ പ്രിൻസിപ്പൽ കെ.സഫിയ, ഹെഡ് മാസ്റ്റർ ഇ.വത്സരാജ്, പി.ടി.എ പ്രസിഡന്റ് സുധീഷ് കുമാർ, യു.എൽ.സി.സി.എസ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.