കോഴിക്കോട്: ഇരുളിന്റെ ലോകം എന്നൊന്നില്ല ദാസേട്ടന്. അതുകൊണ്ടു തന്നെ ഇരുൾ മൂടിയ ജീവിതവുമല്ല. കാഴ്ച ഒട്ടുമില്ലെങ്കിലും ഉൾവെളിച്ചത്തിന്റെ പ്രഭയിൽ രാത്രി പകലാക്കി പണിയെടുക്കുകയാണ് ഈ 72-കാരൻ. കല്ലായി ബസാറിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കടയിൽ കഴിഞ്ഞ 37 വർഷമായി രാത്രി മുഴുനീള ഡ്യൂട്ടിയിലുണ്ടാവുക ഇദ്ദേഹമാണ്. ഒരർത്ഥത്തിൽ, കല്ലായിയുടെ രാത്രികൾക്ക് വെളിച്ചം പകർന്ന് കാവലാളാവുകയാണ് പനക്കൽ വീട്ടിൽ ഹരിദാസ് എന്ന ദാസേട്ടൻ.
ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ 1982-ലാണ് കല്ലായി റെയിൽവേ സ്‌റ്റേഷനു സമീപം ദാസേട്ടനു ഒരു കട അനുവദിച്ചു കിട്ടുന്നത്. അന്നു ആ പദ്ധതിയിൽ മറ്റു പത്തു പേർക്ക് കൂടി കടകൾ കിട്ടിയെങ്കിലും ഇതൊന്നു മാത്രമെ ഇപ്പോഴുള്ളൂ. കട തുറന്നപ്പോഴുള്ള ചിട്ടയിൽ ദാസേട്ടന് തെല്ലും മാറ്റമില്ല. രാത്രി 9.30 മുതൽ പിറ്റേന്ന് രാവിലെ 9.30 വരെ കടയിലുണ്ടായിരിക്കും. ആവശ്യക്കാർക്ക് സാധനം എടുത്തുകൊടുക്കാൻ വൈകുന്ന പ്രശ്നമില്ല. ഓരോന്നിന്റെയും സ്ഥാനം അത്ര കൃത്യമായി അറിയാം. കാഴ്ചയുള്ളവരെ പോലും വെല്ലുന്ന ഉഷാറിലായിരിക്കും എപ്പോഴും.
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാഴ്ചശക്തി പൂർണമായും നഷ്ടമാവുന്നത്. കുട്ടിക്കാലത്ത് ഗോതമ്പപ്പം തലയിൽ ചുമന്നു വിറ്റ് കുടുംബത്തെ തുണച്ചിരുന്നതാണ്. കാഴ്ച നഷ്ടമായതോടെ ആ പണി പറ്റാതായി. 1964 -ൽ 17-ാം വയസ്സിൽ ഓപ്പറേഷന് വിധേയനായെങ്കിലും ഫലമുണ്ടായില്ല. രോഗബാധ കണ്ണിന്റെ ഞരമ്പുകളെ അത്രയ്ക്കും ബാധിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, വിധിയ്ക്ക് മുന്നിൽ തോൽക്കാൻ ആ കൗമാരക്കാരൻ തയ്യാറായിരുന്നില്ല. വീടിന്റെ പറമ്പിനോടു ചേർന്ന് നാട്ടുകാർ പണിതീർത്ത ചെറിയ കടയിൽ ജീവിതം കരുപ്പിടിപ്പിച്ചുതുടങ്ങി.
പുതിയ കട തുറന്ന 1982ൽ തന്നെയാണ് എല്ലാറ്റിനും താങ്ങായി സരോജിനി ജീവിതപങ്കാളിയായതും. സ്റ്റേഷനറി സാധനങ്ങളും പാലും പഴവുമെല്ലാമുണ്ട് കടയിൽ. 16 പത്രങ്ങളുടെ ഏജൻസി കൂടിയുണ്ട്. രണ്ടു പെൺമക്കളെയും വിവാഹം ചെയ്തയച്ചത് ഈ കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ്.
കഴിയുന്നിടത്തോളം കാലം ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കണമെന്ന നിർബന്ധമുണ്ട്. അതിനിടയ്ക്ക്, ഭാര്യ മരിച്ചതോടെ മക്കളും മരുമക്കളും സഹായത്തിനുണ്ട് എപ്പോഴും. രാത്രി ഒൻപതരയ്ക്ക് ദാസേട്ടൻ വരുന്നവരെ ഇളയ മകളുടെ ഭർത്താവ് ബാബു കടയിലുണ്ടാവും. പുതിയ നോട്ടുകളുടെ വരവ് കുറച്ച് പ്രയാസമുണ്ടാക്കുന്നതായി ദാസേട്ടൻ പറയുന്നു. അവ തൊട്ടുനോക്കി അറിഞ്ഞുവരുന്നേയുള്ളൂ. കോഴിക്കോട് മേയർ 2002ൽ 'പ്രധാന പൗരൻ' ബഹുമതി നൽകി ദാസേട്ടനെ ആദരിച്ചിരുന്നു. 2004-ൽ ഏറ്റവും നല്ല പൗരനുള്ള അവാർഡ് അക്കാലത്ത് മന്ത്രിയായിരുന്ന ഡോ.എം.കെ.മുനീറിൽ നിന്നു ഏറ്റുവാങ്ങാനുള്ള ഭാഗ്യവുമുണ്ടായി.