പേരാമ്പ്ര : ലഹരി അനുഭവപ്പെടുന്നതും കഴിക്കുമ്പോള്‍ ബോധക്ഷയം പോലും സംഭവിക്കുന്നതുമായ ടൈം ബോംബ് മിഠായികൾ പേരാമ്പ്ര ടൗൺ പരിസരങ്ങളിൽ സുലഭമാവുന്നതായിപരാതി. സ്‌കൂള്‍ പരിസരങ്ങളിലാണ് ഇവയുടെ വില്പന ഏറിയ പങ്കും നടക്കുന്നത്. മാദ്ധ്യമങ്ങളിൽ ഇതിന്റെ ദോഷഫലങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ പലപ്പോഴായി വന്നിരുന്നു. കഴിഞ്ഞ ദിവസം മേഖലയിലെ സ്‌കൂളിൽ ചില വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കഴിച്ചതിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവം വരെയുണ്ടായി. ഇത് വില്പന നടത്തുന്നവര്‍ക്ക് ഇതിന്റെ ദൂഷ്യങ്ങള്‍ അറിയില്ലെന്നതാണ് വാസ്തവം. പേരാമ്പ്രയിലെ ഹോള്‍സെയില്‍ കടയില്‍ നിന്ന് ദിവസവും ഓരോ കടകളിലേക്കും രണ്ടും മൂന്നും ജാര്‍ ടൈംബോംബ് പോവുന്നതായ് കട ഉടമ പറഞ്ഞു. പെട്ടിക്കടകളില്‍ എത്തുന്ന ഈ ചൂയിംഗം മിഠായി പെട്ടെന്നുതന്നെ തീര്‍ന്നു പോവുന്നതായ് കട ഉടമകളും പറയുന്നു. ഇത് കഴിച്ച് അസ്വസ്ഥത അനുഭവപ്പെടുന്ന കുട്ടികള്‍ക്ക് സാധാരണ നില കൈവരിക്കാന്‍ രണ്ടും മൂന്നും ദിവസം എടുക്കുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. ഇതിനെതിരെ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും നാട്ടുകാരും ജാഗ്രത പുലര്‍ത്തണമെന്നും വില്പന നടത്തുന്നതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.