കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ കളക്ടർ സാംബശിവ റാവുവിന്റെ അദ്ധ്യക്ഷയിൽ യോഗം ചേർന്നു. നവംബർ 19 ന് സിവിൽ സ്റ്റേഷനിൽ മാസ്സ് ക്ലീനിംഗ് നടത്തും.18 ക്ലസ്റ്ററുകളായി തിരിച്ച് നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തിയാണ് ശുചീകരണം നടത്തുക. സുരക്ഷിതത്വം മുൻനിർത്തി വരാന്തകളിലെ തുറസ്സായ പ്രവേശന ഇടങ്ങളിൽ ഗേറ്റുകൾ സ്ഥാപിക്കും. മാലിന്യ സംസ്‌കരണത്തിനായി തുമ്പൂർമുഴി മാതൃകയിലുള്ള യൂണിറ്റ് സ്ഥാപിക്കും. സിവിൽ സ്റ്റേഷന്റെ എതെങ്കിലും ഇടങ്ങളിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. എല്ലാ ഓഫീസുകളിലും മാലിന്യ കൊട്ടകൾ സ്ഥാപിക്കാനും മാലിന്യങ്ങൾ കൃത്യ സമയത്ത് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജില്ലാ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഓഫീസുകളിൽ ഡിസ്‌പോസിബിൾ പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിക്കും.

കാര്യക്ഷമമായ മാലിന്യ സംസ്‌കരണവും ശുചിത്വം ഉറപ്പു വരുത്താൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നത് സംബന്ധിച്ച് ഓഫീസ് മേധാവികൾ, നോഡൻ ഓഫീസർമാർ, ശുചീകരണ തൊഴിലാളികൾ, തുടങ്ങിയവർക്ക് ക്ലാസ് നൽകി. എല്ലാ ഓഫീസിലെയും ഗ്രീൻ പ്രോട്ടോക്കോൾ ചുമതലയുള്ള നോഡൽ ഓഫീസർമാരുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഓരോ ഓഫീസിലെയും ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നോഡൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. സിവിൽ സ്റ്റേഷനിൽ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി രൂപീകരിക്കാനും ഗ്രീൻപ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തിൽ കളക്ടർ നിർദ്ദേശം നൽകി. എ.ഡി.എം റോഷ്ണി നാരായണൻ, ഹരിത കേരള മിഷൻ കോർഡിനേറ്റർ പി.പ്രകാശ്, ശുചിത്വമിഷൻ അസി.കോർഡിനേറ്റർ കൃപ വാര്യർ, ഡോ.എൻ.സിജേഷ്, കോർപറേഷൻ പ്രതിനിധി അസീസ് തുടങ്ങിയവർ പങ്കെടുത്തു.