സുൽത്താൻ ബത്തേരി: ബീനാച്ചിയിലെ ബി.എസ്.എൻ.എല്ലിന്റെ മൊബൈൽ ടവറിൽ നിന്നും, പൂതിക്കാടുള്ള ഐഡിയ ടവറിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ച കേസിലെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കടൽമാട് മഞ്ചേരി പത്തായപൂക്കൽ എം.പി റഷീദ് (37), സഹോദരൻ എം.പി സലീം(40), കടൽമാട് ചേരപറമ്പിൽ സജിൽ (30) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം മാടക്കരയിലെ ടവറിൽ നിന്ന് ബാറ്ററി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാർ കണ്ടതിനെ തുടർന്ന് മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ വെച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

മാടക്കരയിൽ ഇൻഡസ് കമ്പനിയുടെ ടവറിന്റെ ബാക്കപ് ബാറ്ററികൾ മോഷ്ടിക്കാൻ ശ്രമിക്കവേ ടെക്നീഷന്റെ മൊബൈലിലേക്ക് മെസ്സേജ് വരികയും, തുടർന്ന് ടെക്നീഷ്യനും നാട്ടുകാരും സ്ഥലത്തെത്തുകയുമായിരുന്നു. അപ്പോഴേക്കും ടവറിലെ 24 ബാറ്ററികളും അഴിച്ചുമാറ്റുകയും, രണ്ടെണ്ണം സ്വന്തം വാഹനത്തിൽ കയറ്റുകയും ചെയ്തിരുന്നു. എന്നാൽ നാട്ടുകാർ എത്തിയതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ വാഹനവുമായി സ്ഥലം വിട്ടു.

പ്രതികൾ ബീനാച്ചിയിലെ ബിഎസ്എൻഎൽ ടവറിൽ നിന്നും പൂതിക്കാടുള്ള ഐഡിയ ടവറിൽ നിന്നും 24 ബാറ്ററികൾ വീതം ളും മോഷ്ടിച്ചിട്ടുണ്ട്.

കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള പല സ്ഥലങ്ങളിലും സമാനരീതിയിൽ മൊബൈൽ ബാറ്ററികൾ മോഷ്ടിച്ച കേസുകളിലെ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു. സംഘത്തിന് സ്വന്തം ഓംനി വാനിലെത്തി രാത്രികാലങ്ങളിൽ ടവറുകളിൽ നിന്ന് ബാറ്ററികൾ അഴിച്ചെടുത്ത ശേഷം കുറഞ്ഞ വിലയ്ക്ക് വിൽക്കുകയാണ് പതിവ്. രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന ബാറ്ററികൾ 40000 രൂപയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.

ഇവരിൽ നിന്ന് ബാറ്ററികൾ വാങ്ങിയവർക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ബത്തേരി പൊലീസ് ഇൻസ്‌പെക്ടർ എം.ഡി സുനിൽ, എസ്‌ഐ മാരായ അബ്ദുള്ള, സണ്ണി തോമസ്, എസ്.സി.പി.ഒ മാത്യു തുടങ്ങിയവരടങ്ങുന്ന സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.