പനമരം: നവംബർ 5 മുതൽ പനമരം ജി വി എ എച്ച് എസ് എസ്സിൽ നടന്ന പതിനൊന്നാമത് റവന്യു ജില്ലാ സ്‌കൂൾ കായിക മേള സമാപിച്ചു. സ്‌ക്കൂൾ വിഭാഗത്തിൽ 104 പോയിന്റ് നേടി മീനങ്ങാടി ജി വി എച്ച് എസ് എസ് ജേതാക്കളായി. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കാട്ടിക്കുളം സ്‌കൂളാണ് 90.5 പോയിന്റ് നേടി റണ്ണേഴ്സ് അപ്പ് ആയത്. 52.5 പോയിന്റ് നേടിയ കാക്കവയൽ ജി വി എച്ച് എസ് എസ് മൂന്നാം സ്ഥാനത്തെത്തി.

ഉപജില്ലാ തലത്തിൽ 326.5 പോയിന്റോടെ ബത്തേരി ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. 299.5 പോയിന്റുമായി മാനന്തവാടി ഉപജില്ല ആണ് റണ്ണേഴ്സ് അപ്പ്. വൈത്തിരി ഉപജില്ല 175 പോയിന്റ് നേടി.

സമാപന സമ്മേളനം പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഒ.ആർ രഘു അദ്ധ്യക്ഷനായിരുന്നു. ഇബ്രാഹിം തോണിക്കര, ബിന്ദു രാജൻ, ലിസി പത്രോസ്, സുരേഷ് എന്നിവർ സംസാരിച്ചു.

12 സ്വർണ്ണവും 13 വെള്ളിയും 5 വെങ്കലവും നേടിയാണ് മീനങ്ങാടി സ്‌കൂൾ ജേതാക്കളായത്. രണ്ട് വർഷം മുമ്പ് നഷ്ടപ്പെട്ട കിരീടമാണ് മീനങ്ങാടി തിരികെ പിടിച്ചത്. ജില്ലാ കായികമേളയിൽ മീനങ്ങാടിയുടെ എഴാമത് വിജയമാണിത്. സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ് എന്നിവയിൽ ടീം ചാമ്പ്യൻഷിപ്പും സ്‌കൂൾ കരസ്ഥമാക്കി. ഒരു വ്യക്തിഗത ചാമ്പ്യൻഷിപ്പും സ്‌കൂളിന് ലഭിച്ചു.

5 വർഷമായി പൂതാടി സ്വദേശി കെ കെ മുകുന്ദനാണ് പരീശീലകൻ. ജില്ലാ കായിക മേളയിലെ ഏറ്റവും നല്ല കായിക അദ്ധ്യാപകനുള്ള അവാർഡ് മുകുന്ദന് ലഭിച്ചു.