കോഴിക്കോട്: പുനൂർ പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട സംഭവത്തിൽ കൊടുവള്ളി അക്കിപ്പൊയിൽ പ്രവർത്തിക്കുന്ന മാസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് ഒരു ലക്ഷം രൂപ മുൻസിപ്പാലിറ്റി പിഴയിട്ടു.

വായു, ജല മലിനീകരണ നിവാരണവും നിയന്ത്രണവും നിയമം 1981, 1974 വകുപ്പുകൾ പ്രകാരമാണ് നടപടി. സ്ഥാപനത്തിൽ നിന്ന് മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായി മാദ്ധ്യമവാർത്തകളെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പരാതി സത്യമാണെന്ന് കണ്ടെത്തിയതായിരുന്നു. സെപ്റ്റിക് ടാങ്ക് കവർ സ്ലാബിൽ ദ്വാരം ഉണ്ടാക്കി മലിനജലം ഓടയിലേക്ക് കടത്തി വിടുകയായിരുന്നുവെന്ന് എൻവയോൺമെന്റൽ എൻജിനീയർ അറിയിച്ചു. തുടർന്ന് ഓടയിൽ നിന്നു മാലിന്യം പുനൂർ പുഴയിലേക്ക് എത്തുകയാണ്. സ്ഥാപനം കൊടുവള്ളി മുൻസിപ്പാലിറ്റിയുടെ കീഴിൽ വരുന്നതിനാൽ മതിയായ ജലമലിനീകരണ നിയന്ത്രണ ഉപാധികൾ, വായു മലിനീകരണ നിയന്ത്രണ ഉപാധികൾ, ബോർഡ് നിർദേശിക്കുന്ന കപ്പാസിറ്റിയോട് കൂടിയ സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ് എന്നിവ സ്ഥാപിക്കാതെയും ബോർഡിന്റെ പ്രവർത്തനാനുമതി കരസ്ഥമാക്കാതെയും സ്ഥാപനം തുറന്ന് പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനു മുൻസിപ്പാലിറ്റി സെക്രട്ടറിക്ക് നിർദേശം നൽകിയതായും എൻവയോൺമെന്റൽ എൻജിനീയർ അറിയിച്ചു.
ജില്ലയിൽ പുഴ, കനാൽ തുടങ്ങി ജലസ്രോതസ്സുകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി കൈക്കൊളളുമെന്ന് ജില്ലാ കളക്ടർ എസ്. സാംബശിവ റാവു അറിയിച്ചു. ജല സ്രോതസ്സ് മലിനമാക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ പൊതു ജനങ്ങൾക്ക് 0495 2374737 എന്ന നമ്പറിൽ പരാതി അറിയിക്കാം.